malappuram local

പൊതുവഴി അടച്ച് മതില്‍ കെട്ടിയ സ്വകാര്യ വ്യക്തിയെ സിപിഎം സംരക്ഷിക്കുന്നതായി ആരോപണം



എടപ്പാള്‍: പൊതുസ്ഥലം കൈയേറി മതില്‍കെട്ടിയ സ്വകാര്യവ്യക്തിയെ സിപിഎം ഏരിയാ നേതൃത്വം സംരക്ഷിക്കുന്നതായി പരാതി. അയിലക്കാട്ടെ പ്രമുഖ വ്യവസായിയാണ് വര്‍ഷങ്ങളായി തൊട്ടടുത്ത വയലിലേയ്ക്കും സ്‌കൂളിലേയ്ക്കും എളുപ്പവഴിയില്‍ പോയിരുന്ന വഴി അടച്ചുകെട്ടിയത്. പ്രതിഷേധവുമായെത്തിയ സിപിഎം പ്രാദേശിക നേതാക്കള്‍ വഴിയടച്ചുകെട്ടിയ മതില്‍ പൊളിച്ചുമാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ ഏരിയാ നേതാക്കള്‍ ഇതുവേണ്ടത്ര ഗൗരവത്തിലെടുത്തില്ലെന്നാരോപിച്ച് പ്രാദേശിക കമ്മിറ്റി അടച്ചുകെട്ടിയ വഴിയിലേക്കു പ്രതിഷേധമാര്‍ച്ചും ധര്‍ണയും നടത്തിയിരുന്നു. കൂടാതെ പാര്‍ട്ടി ജില്ലാ കമ്മിറ്റിക്ക് ഇതു സംബന്ധിച്ച പരാതി നല്‍കിയിരുന്നു. ഈപരാതിയെ തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ ജില്ലാ കമ്മിറ്റി ഒരു അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഉള്‍പ്പെടുന്ന അന്വേഷണ കമ്മിഷന്‍ സ്ഥലത്തെത്തി അന്വേഷണ റിപോര്‍ട്ട് ജില്ലാ കമ്മിറ്റിക്കു കൈമാറിയെങ്കിലും ഇതു സംബന്ധിച്ച് യാതൊരു നടപടിയും പാര്‍ട്ടി നേതൃത്വത്തില്‍ നിന്നുണ്ടായില്ലെന്നു പ്രാദേശിക പാര്‍ട്ടി നേതൃത്വം ആരോപിക്കുന്നു.അന്വേഷണ കമ്മിഷനെ പാര്‍ട്ടി ഏരിയാ കമ്മിറ്റിയിലെ ഏതാനും പേര്‍ സ്വാധീനിച്ചു സ്വകാര്യ വ്യക്തിക്കനുകൂലമായ നിലപാടാണ് കൈക്കൊണ്ടതെന്നാണ് പ്രാദേശിക നേതൃത്വം ആരോപിക്കുന്നത്. ഇതിനായി റവന്യൂ വിഭാഗത്തെയും സ്വകാര്യവ്യക്തിയും പാര്‍ട്ടി ഏരിയാ നേതൃത്വവും സ്വാധീനിച്ചെന്നുമുള്ള ആരോപണവും ശക്തമാണ്. സ്വകാര്യവ്യക്തിയുടെ സാമ്പത്തിക സ്വാധീനത്തിന് വഴങ്ങി ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം  തടഞ്ഞതിനെതിരേ നടപടി കൈക്കൊള്ളാത്ത റവന്യൂ ഉദ്യോഗസ്ഥര്‍ക്കും പാര്‍ട്ടി ഏരിയാ നേതൃത്വത്തിനുമെതിരേ ശക്തമായ സമരം സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് സിപിഎം പ്രാദേശിക നേതൃത്വവും പ്രദേശത്തെ നാട്ടുകാരും.
Next Story

RELATED STORIES

Share it