Kottayam Local

പൊതുമരാമത്ത് ഭൂമിയില്‍ അനധികൃത നിര്‍മാണം നടക്കുന്നതായി പരാതി



ഈരാറ്റുപേട്ട: റോഡ് നിര്‍മാണത്തിനായി പുറമ്പോക്ക് ഭൂമിയിലെ കുടികിടപ്പുകാരെ ഒഴിവാക്കുമ്പോള്‍ ഇളപ്പുങ്കല്‍ പള്ളിയോട് ചേര്‍ന്ന് പൊതുമരാമത്ത് ഭൂമി കൈയേറിയുള്ള സ്വകാര്യ വ്യക്തിയുടെ നിര്‍മാണം അധികൃതര്‍ കണ്ടില്ലെന്നു നടിക്കുന്നത് വിവാദമാവുന്നു. കാഞ്ഞിരപ്പള്ളി-കാഞ്ഞിരംകവല റോഡ് നിര്‍മാണത്തിന്റെ ഭാഗമായി കഴിഞ്ഞ മാസം പൊളിച്ചു നീക്കിയ കെട്ടിടം ഇരുന്ന ഭാഗത്താണ് ഇപ്പോള്‍ പുതിയ നിര്‍മാണം പുരോഗമിക്കുന്നത്. സ്ഥലത്തെ കോണ്‍ഗ്രസ് നേതാവ് വില്ലേജ് താലൂക്ക് മേധാവികളെ അനധികൃത കൈയേറ്റത്തെ കുറിച്ച് അറയിച്ചെങ്കിലും നിര്‍മാണ പ്രവര്‍ത്തനം തടയാന്‍ ആരും എത്താത്തതില്‍ നാട്ടുകാര്‍ കടുത്ത പ്രതിഷേധത്തിലാണ്. തലപ്പുലം പഞ്ചായത്തില്‍ പെട്ട പാതയോരത്തെ അനധികൃത കൈയേറ്റം പഞ്ചായത്ത് പ്രസിഡന്റിന്റെ മൂക്കിന് താഴെയാണെന്നും ആക്ഷേപമുണ്ട്. നാട്ടുകാരെ പാട്ടിലാക്കാന്‍ ബസ് കാത്തിരുപ്പ് കേന്ദ്രം പേരിലാണ് ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ വെയിറ്റിങ് ഷെഡ്ഡ് എന്ന പേരില്‍ തുടങ്ങിയ നിര്‍മാണം ഇപ്പോള്‍ ഷട്ടര്‍ മുറിയായി മാറ്റാനുള്ള ശ്രമത്തിലാണ്. തലചായ്ക്കാന്‍ ഇടമില്ലാതെ റോഡ് പുറമ്പോക്കില്‍ കുടില്‍ കെട്ടി താമസിച്ചവരെ റോഡ് വികസനത്തിന്റെ പേരില്‍ പുറത്താവുമ്പോള്‍ സ്വകാര്യ വ്യക്തി നടത്തുന്ന അനധികൃത കൈയേറ്റത്തെ കണ്ടില്ലെന്നു നടിക്കുന്നതില്‍ പ്രതിഷേധം ശക്തമാവുകയാണ്. അനധികൃത കൈയേറ്റത്തെ കുറിച്ച് വില്ലേജ് അധികൃതരെയും താലൂക്ക് അധികൃതരെയും വിവരം ധരിപ്പിച്ചെങ്കിലും ഇവര്‍ വിഷയം കണ്ടില്ലെന്നു നടിക്കുയാണെന്ന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ലത്തീഫ് വെള്ളൂപ്പറമ്പില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it