പേരാമ്പ്ര വിദഗ്ധ സംഘം സന്ദര്‍ശിച്ചു

പാലേരി: മൂന്നു പേരുടെ മരണത്തിനിടയാക്കിയ സൂപ്പിക്കടയിലെ മൂസക്കയുടെ വീടും പരിസരവും പുതുതായി വാങ്ങിയ വീടും വൃത്തിയാക്കിയ കിണറും പൂന ആസ്ഥാനമായുള്ള നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജിയുടെ ആലപ്പുഴ ആസ്ഥാനമായ കേരള ചാപ്റ്ററിലെ ഡോ. സുബ്രഹ്മണ്യന്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് അമുല്‍ എന്നിവര്‍ സന്ദര്‍ശിച്ചു.
വവ്വാലിന്റെ സാന്നിധ്യമുള്ള പന്തിരിക്കരയ്ക്കടുത്തുള്ള പള്ളിക്കുന്ന് പോലുള്ള പ്രദേശങ്ങളും സന്ദര്‍ശിച്ചു. മരണപ്പെട്ട സഹോദരങ്ങളുടെ മാതാവിനെയും അനുജനെയും ഇവര്‍ കാണുകയും വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. ഇവരുടെ വീട്ടിലുണ്ടായിരുന്ന വളര്‍ത്തു ജീവികളായ മുയല്‍, താറാവ് തുടങ്ങിയവയെ പറ്റി പഠനം നടത്തി. മുയലിനെ ആക്രമിച്ച വന്യജീവിയെ പറ്റിയും ചോദിച്ചറിയുകയുണ്ടായി. ഇവര്‍ കണ്ടെത്തിയ വവ്വാലിനെ പിടിക്കാന്‍ വേണ്ടി പൂനെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള വിദഗ്ധ സംഘം രണ്ടുദിവസത്തിനുള്ളില്‍ എത്തുമെന്നും പറഞ്ഞു.
വവ്വാലിന്റെ സാന്നിധ്യമുള്ള സ്ഥലങ്ങള്‍ ഗൂഗ്ള്‍ മാപ്പിലൂടെ പൂനെയ്ക്ക് അയച്ചുകൊടുത്തു. കമ്മ്യൂണിറ്റി മെഡിക്കല്‍ സെന്ററിന്റെ ഭാഗമായി കോഴിക്കോട് മെഡിക്കല്‍ കോളജിലുള്ള ഡോ. ലൈലയുടെ നേതൃത്വത്തില്‍ ഏഴ് പേരടങ്ങുന്ന സംഘവും സന്ദര്‍ശനം നടത്തി. സൂപ്പിക്കടയ്ക്കടുത്തുള്ള പള്ളിക്ക് സമീപം ഇവര്‍ ഓപണ്‍ ഫോറം സംഘടിപ്പിക്കുകയും സംശയനിവാരണം നടത്തുകയും ചെയ്തു. വൈകുന്നേരം കടിയങ്ങാട് കമ്മ്യൂണിറ്റി ഹാളില്‍ വച്ചും ഓപണ്‍ ഫോറം നടന്നു.
Next Story

RELATED STORIES

Share it