kozhikode local

പെരുവണ്ണാമൂഴിയില്‍ കാട്ടാന കൃഷി നശിപ്പിച്ചു

പേരാമ്പ്ര: പെരുവണ്ണാമൂഴി,വട്ടക്കയം മേഖലയില്‍ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. ഇന്നലെ രാത്രിയാണു സംഭവം. പൈകയില്‍ ബാബുവിന്റെ നൂറില്‍പ്പരം വാഴ, പത്തോളം തെങ്ങിന്‍ തൈ എന്നിവ നശിപ്പിച്ചു. മഠത്തിത്തിനകത്ത് രാജന്‍, സില്‍ജോ പാഴുക്കുന്നേല്‍, പൈകയില്‍ സുജി മാത്യു, ജയിംസ് മംഗലശേരി തുടങ്ങിയവര്‍ക്കും കനത്ത കൃഷി നാശമുണ്ട്. വാഴയും തെങ്ങുമാണു കൂടുതല്‍ നശിപ്പിക്കപ്പെട്ടത്. കര്‍ഷക നേതാക്കളായ ജോയി കണ്ണം ചിറ, ജോര്‍ജ് കുംബ്ലാനി, വിനീത് പരുത്തിപ്പാറ തുടങ്ങിയവര്‍ ഇന്നലെ രാവിലെ തന്നെയെത്തി കൃഷിയിടങ്ങളില്‍ സന്ദര്‍ശനം നടത്തി. പിന്നീട് നഷ്ടം നേരിട്ട കര്‍ഷകര്‍ പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിനു മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി. വിവരമറിഞ്ഞ് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജിതേഷ് മുതുകാട്, വാര്‍ഡ് മെമ്പര്‍ ഷീന റോബിന്‍, യൂത്തുകോണ്‍ഗ്രസ് ചക്കിട്ടപാറ മണ്ഡലം പ്രസിഡന്റ് രാജേഷ് തറവട്ടവുമെത്തി. സമരക്കാരുമായി റെയിഞ്ച് ഓഫീസര്‍ പി സുരേഷ് ചര്‍ച്ച നടത്തി. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ജിതേഷും ജോയി കണ്ണം ചിറയും അവതരിപ്പിച്ചു. കടുത്ത ശല്യക്കാരായ വന്യമൃഗങ്ങളെ ഉള്‍ക്കാട്ടിലേക്കു തുരത്താന്‍ നടപടിയുണ്ടാകണമെന്നും പട്രോളിംഗ് ശക്തമാക്കണമെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളില്‍ ഉചിതമായ സത്വര നടപടി കൈക്കൊള്ളുമെന്നു റെയ്ഞ്ചര്‍ രേഖാമൂലം കര്‍ഷകര്‍ക്കു ഉറപ്പു നല്‍കി. വിനീത് പരുത്തിപ്പാറ, ജോണ്‍സണ്‍ മഠത്തിനകത്ത്, ജയിംസ് മാത്യു, വര്‍ഗീസ് കോലത്തു വീട്ടില്‍, ബോബന്‍ വെട്ടിക്കല്‍, ജസ്റ്റിന്‍ രാജ്, ബിജു ചെറുവത്തൂര്‍, ജോര്‍ജ് കുംബ്ലാനി, ജീജോ വട്ടോത്ത്, ബാബു പൈകയില്‍, രാജന്‍ മഠത്തിനകത്ത് സമരത്തിനു നേതൃത്വം നല്‍കി. എഎസ്‌ഐ സതീശന്‍ വായോത്തിന്റെ നേതൃത്വത്തില്‍ പെരുവണ്ണാമൂഴി പോലിസും എത്തിയിരുന്നു.
Next Story

RELATED STORIES

Share it