wayanad local

പെരുവകയില്‍ മദ്യശാല തുറക്കാനുറച്ച് അധികൃതര്‍ ; പ്രതിരോധത്തിന് നാട്ടുകാര്‍



മാനന്തവാടി: നഗരസഭാ പരിധിയില്‍ രണ്ടാമത്തെ ബിവറേജസ് ഔട്ട്‌ലെറ്റ് പെരുവകയില്‍ തുറക്കാന്‍ ഉറപ്പിച്ച് സര്‍ക്കാര്‍ വകുപ്പുകള്‍ നീങ്ങുമ്പോള്‍ പ്രതിരോധിക്കാനുറച്ച് നാട്ടുകാരും രംഗത്ത്. വള്ളിയൂര്‍ക്കാവ് റോഡില്‍ പ്രവര്‍ത്തിക്കുന്ന മദ്യഷാപ്പിനെതിരേ ആദിവാസി വീട്ടമ്മമാര്‍ കഴിഞ്ഞ 513 ദിവസമായി സമരം നടത്തുമ്പോള്‍ ഇത് ഗൗനിക്കുക പോലും ചെയ്യാതെയാണ് ആദിവാസി കോളനികളുള്‍പ്പെടെയുള്ള ഗ്രാമപ്രദേശത്ത് പനമരത്ത് അടച്ചുപൂട്ടിയ മദ്യശാല തുറക്കുന്നതിനായി എക്‌സൈസ് വകുപ്പും ബിവറേജസ് കോര്‍പറേഷനും രംഗത്തുവന്നത്. നേരത്തെ പ്രദേശത്ത് വള്ളിയൂര്‍ക്കാവ് റോഡിലെ ഔട്ട്‌ലെറ്റ് മാറുന്നതിന് ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഒഴിവാക്കുകയായിരുന്നു. ടൗണില്‍ നിന്നും ഒന്നര കിലോമീറ്റോളം ദൂരത്ത് രാവിലെയും വൈകീട്ടും വിദ്യാര്‍ഥികള്‍ നടന്നുപോവുന്ന വഴിയില്‍ ബിവറേജസ് ഔട്ട്‌ലെറ്റ് തുറന്നാല്‍ സൈ്വരവിഹാരം തടസ്സപ്പെടുമെന്നത് ഉറപ്പാണ്. മദ്യശാല തുറക്കാനുദ്ദേശിക്കുന്ന കെട്ടിടത്തിന് പുറകിലെ പുഴയോരവും വിജനമായ പ്രദേശങ്ങളും മദ്യപരുടെ വിഹാരകേന്ദ്രമാവുമെന്നും നാട്ടുകാര്‍ ഭയപ്പെടുന്നു. ഇതോടെ പ്രദേശത്ത് സത്രീകള്‍ക്ക് പകല്‍പോലും പുറത്തിറങ്ങാന്‍ പറ്റാതെ വരും. ഇതാണ് മദ്യഷാപ്പിനെതിരേ സന്ധിയില്ലാസമരം ചെയ്യാന്‍ നാട്ടുകാരെ പ്രേരിപ്പിക്കുന്നത്. വ്യാഴാഴ്ച തഹസില്‍ദാരെ തടഞ്ഞുവച്ചുള്ളതുള്‍പ്പെടെയുള്ള സമരത്തെ തുടര്‍ന്ന് തീരുമാനിച്ച പ്രകാരം ഇന്നലെ രാവിലെ സബ് കലക്ടറുടെ ഓഫിസില്‍ നടന്ന ചര്‍ച്ചയില്‍, ബന്ധപ്പെട്ട വിഷയങ്ങള്‍ ഇന്നു ജില്ലയിലെത്തുന്ന മന്ത്രി വി എസ് സുനില്‍കുമാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് ധാരണയായത്. റിപോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് കൈമാറും. സ്ഥലത്ത് ക്രമസമാധാന പ്രശ്‌നമുണ്ടെന്നു വില്ലേജ് ഓഫിസറും തഹസില്‍ദാരും റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഈ റിപോര്‍ട്ടാണ് മന്ത്രിക്ക് സമര്‍പ്പിക്കുക. സര്‍ക്കാര്‍ തീരുമാനം വരുന്നതുവരെ മദ്യശാല തുറക്കില്ലെന്നും ധാരണയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍, എല്ലാ ലൈസന്‍സുകളും നേടിയ മദ്യശാല തുറക്കാന്‍ താമസം നേരിടുന്നത് സര്‍ക്കാരിന് നഷ്ടം വരുത്തിവയ്ക്കുമെന്നാണ് എക്‌സൈസ് വകുപ്പിന്റെ ന്യായം. പോലിസ് സഹായത്തോടെ ഷാപ്പ് തുറക്കുന്നതിനുള്ള സാധ്യതകള്‍ തേടണമെന്നാണ് എക്‌സൈസ് ആവശ്യപ്പെടുന്നത്. അതേസമയം, സമരസമിതിയുടെ രാപ്പകല്‍ സമരം കൂടുതല്‍ ശക്തമാക്കി. സ്ത്രീകളെയും കുട്ടികളെയും മുന്നിലിറക്കിയുള്ള സമരമായതിനാല്‍ ബലപ്രയോഗം പ്രായോഗികമല്ലെന്ന നിലപാടിലാണ് പോലിസ്. വിവിധ സംഘടനകള്‍ സമരത്തിന് പിന്തുണയറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ചര്‍ച്ചയില്‍ തഹസില്‍ദാര്‍ എന്‍ ഐ ഷാജു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജെ പൈലി, എടവക പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍, ഡിവൈഎസ്പി കെ മുഹമ്മദ് ഷാഫി, കൗണ്‍സിലര്‍മാരായ സ്‌റ്റെര്‍വിന്‍ സ്റ്റാനി, ജേക്കബ് സെബാസ്റ്റ്യന്‍, പി വി ജോര്‍ജ്, അഡ്വ. റഷീദ് പടയന്‍, സമരസമിതി നേതാക്കളായ എം പി ശശികുമാര്‍, ക്ലീറ്റസ് കിഴക്കേമണ്ണൂര്‍, എ എം നിഷാന്ത്, അഡ്വ. ഗ്ലാഡിസ് ചെറിയാന്‍, വിനീഷ് പങ്കെടുത്തു.
Next Story

RELATED STORIES

Share it