ernakulam local

പെരുമ്പാവൂര്‍ ബൈപാസ് ; എംഎല്‍എയുടെ പേരിലുള്ള പത്രക്കുറിപ്പ് പ്രതിഷേധത്തിന് ഇടവരുത്തി

പെരുമ്പാവൂര്‍: തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പെരുമ്പാവൂര്‍ ബൈപാസിന്റെ പേരില്‍ വീണ്ടും എംഎല്‍എയുടെ പേരിലുള്ള പത്രക്കുറിപ്പ് പ്രതിഷേധത്തിന് ഇടവരുത്തി. പെരുമ്പാവൂര്‍ ബൈപാസ് റോഡ് പദ്ധതി ധനകാര്യ വകുപ്പിന്റെ പരിഗണനയ്ക്ക് അയക്കാന്‍ തീരുമാനച്ച അറിയിപ്പായാണ് പത്രക്കുറിപ്പ് ഇറക്കിയത്. ബൈപാസ് റോഡിന്റെ സ്ഥലം ഏറ്റെടുക്കലിന് സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ 26 കോടിയുടെ അടങ്കല്‍ വരുന്ന പദ്ധതി തയ്യാറാക്കി പൊതുമരാമത്ത് വകുപ്പ് വഴി ധനകാര്യ വകുപ്പിന് സമര്‍പിക്കും. തുക അനുവദിക്കുന്ന മുറയ്ക്ക് സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ പുനരാരംഭിക്കുകയും റോഡിന്റെ വിശദമായ പ്രൊജക്ട് റിപോര്‍ട്ടും തയ്യാറാക്കും.
പാലക്കാട്ടുതാഴം പാലം മുതല്‍ പാത്തിപ്പാലം, വട്ടക്കാട്ടുപടി വഴി മരുത് ജങ്ഷന്‍ വരെയുള്ള 3.5 കിലോ മീറ്ററിലാണ് നിര്‍ദ്ദിഷ്ട പെരുമ്പാവൂര്‍ ബൈപാസ്. 30 മീറ്റര്‍ വീതിയില്‍ 30 ഏക്കര്‍ സ്ഥലമാണ് ബൈപാസിനായി ഏറ്റെടുക്കേണ്ടത്. ഇതില്‍ 25 ഏക്കര്‍ സ്ഥലത്തിന് നെല്‍വയല്‍-തണ്ണീര്‍ത്തട നിയമത്തില്‍നിന്നും ഇളവ് അനുവദിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ 2008ല്‍ സംസ്ഥാന കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ മുഖാന്തരം 10 കോടി അനുവദിച്ചതില്‍ എംഎല്‍എ മുടക്കുഴ-മുവാറ്റുപുഴ റോഡിനും ടൗണ്‍ പര്‍പ്പസ് പിപി റോഡിനുമായി ഒമ്പത് കോടി രൂപ വകമാറ്റി കൊള്ളിച്ചിരുന്നു. തുക ലാപ്‌സായി പോവുമെന്ന് വരുത്തിത്തീര്‍ത്താണ് ഫണ്ട് വകമാറ്റി കൊള്ളിച്ചത്. ഇതുവരെ സ്ഥലം ഏറ്റെടുക്കുകയോ ദിശ നിര്‍ണയമോ നടത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതേസമയം അന്ന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 132 കോടി രൂപയില്‍ സംസ്ഥാനത്തെ അഞ്ച് പദ്ധതികളും നടപ്പായി കഴിഞ്ഞു. പെരുമ്പാവൂര്‍ ബൈപാസ് മാത്രമാണ് ലീഗ് നേതാവ് ഉള്‍പ്പടെയുള്ളവരുടെ രാഷ്ട്രീയ അനാസ്ഥ മൂലം നടക്കാതെവന്നത്. എന്നാല്‍ ഇടയ്ക്കിടക്ക് ജനങ്ങളെ വിഢികളാക്കി എംഎല്‍എ പത്രക്കുറിപ്പ് ഇറക്കുന്നതാണ് പ്രതിഷേധത്തിന് ഇടവരുത്തുന്നത്. വിവിധ സംഘടനകള്‍ ഈ വിഷയത്തില്‍ നിരവധി സമരങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹീംകുഞ്ഞിന്റെ അധ്യക്ഷതയില്‍ ഇത്തവണ യോഗം ചേര്‍ന്നതായാണ് എംഎല്‍എ പത്രക്കുറിപ്പ് ഇറക്കിയിരിക്കുന്നത്.
Next Story

RELATED STORIES

Share it