ernakulam local

പെരുമ്പാവൂരില്‍ തിരഞ്ഞെടുപ്പ് സമാധാനപരം

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ തിരഞ്ഞെടുപ്പ് സമാധാനപരം. ചിലപ്രദേശങ്ങളില്‍ ചെറിയ രീതിയില്‍ സംഘര്‍ഷം.
രാവിലെ മുതല്‍ നല്ല മഴയുണ്ടായിരുന്നതിനാല്‍ രാവിലെ പോളിംഗ് ശതമാനം കുറവായിരുന്നു. തുടര്‍ന്ന് ഒമ്പത് മണിയോടെ പോളിങ് ഉയര്‍ന്നു. എന്നാല്‍ മഴയായതിനാലും തിരഞ്ഞെടുപ്പ് പ്രമാണിച്ച് അവധിയായതിനാവും പലരും വീട്ടില്‍ ചിലവഴിച്ചതല്ലാതെ വോട്ട് ചെയ്യാന്‍ പോലും പുറത്തേക്കിറങ്ങിയില്ല.
എന്‍ഡിഎ സ്ഥാനാര്‍ഥി ഇഎസ് ബിജു കോട്ടയം ചിറക്കടവ് ചെറുവള്ളി ഗവ. എല്‍പി സ്‌കൂളിലും എസ്ഡിപിഐ സ്ഥാനാര്‍ഥി വി കെ ഷൗക്കത്തലി ചെമ്പാരത്തുകുന്ന് 105-ാം ബൂത്തായ ഗവ. എല്‍പി സ്‌കൂളില്‍ രാവിലെ എട്ട് മണിയോടെ രേഖപ്പെടുത്തി.
വെല്‍ഫയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി തോമസ് കെ ജോര്‍ജ് അല്ലപ്ര 98-ാം നമ്പര്‍ ബൂത്തായ ഗവ. യുപി സ്‌കൂളില്‍ രാവിലെ എട്ടിന് വോട്ട് രേഖപ്പെടുത്തി. സിനിമാ താരം അനന്യ പെരുമ്പാവൂര്‍ ആശ്രമം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കുടുംബത്തോടൊപ്പമെത്തി വൈകീട്ട് മൂന്ന് മണിക്ക് വോട്ട് രേഖപ്പെടുത്തി. നെടുങ്ങപ്ര 48-ാം ബൂത്തില്‍ ഒന്നാം പ്രിസൈഡിംഗ് ഓഫീസര്‍ വിദ്യാധരന്‍ ദേഹാസ്വസ്ഥതയെ തുടര്‍ന്ന് കുഴഞ്ഞ് വീണു.
പകരം മറ്റൊരു പ്രിസൈഡിങ് ഓഫിസറെത്തി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുടക്കുഴ, മാറംമ്പിള്ളി, അല്ലപ്ര, കോടനാട് എന്നിവിടങ്ങളില്‍ സംഘര്‍ഷം ഉടലെടുത്തു. എല്ലായിടത്തും പൊലിസും നാട്ടുകാരും ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിച്ചു.
എന്നാല്‍ കൊല്ലപ്പെട്ട ജിഷയുടെ മാതാവ് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. സഹോദരി ദീപയ്ക്ക് ലിസ്റ്റില്‍ പേരില്ലാത്തതിനാല്‍ വോട്ട് ചെയ്യാന്‍ സാധിച്ചില്ല.
Next Story

RELATED STORIES

Share it