പെരിങ്ങത്തൂരില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് മൂന്നു മരണം

പാനൂര്‍(കണ്ണൂര്‍): പെരിങ്ങത്തൂരില്‍ ടൂറിസ്റ്റ് ബസ് പാലത്തില്‍ നിന്നു പുഴയിലേക്കു മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. ബസ് യാത്രക്കാരായ ചൊക്ലി മേനപ്രത്തെ പുത്തലത്ത് ഹൗസില്‍ പ്രേമലത(58), മകന്‍ പ്രജിത്ത്(30), ബസ് ജീവനക്കാരന്‍ കിഴക്കെ കതിരൂര്‍ ചെട്ട്യാന്‍പറമ്പില്‍ ജിതേഷ് എന്ന ജിജൂട്ടി(35) എന്നിവരാണു മരിച്ചത്. പരിക്കേറ്റ ബസ് ഡ്രൈവര്‍ കതിരൂര്‍ അഞ്ചാംമൈല്‍ ശങ്കരനിവാസില്‍ ദേവദാസി(47)നെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗളൂരുവില്‍ നിന്നു നാദാപുരത്തേക്ക് വരുകയായിരുന്ന കെഎ 01 എജി 336 ലാമ ബസ്സാണ് ഇന്നലെ രാവിലെ 5.30നു പെരിങ്ങത്തൂര്‍ പാലത്തിന്റെ കൈവരി തകര്‍ത്ത് പുഴയിലേക്കു മറിഞ്ഞത്. നിറയെ യാത്രക്കാരുമായി പുറപ്പെട്ട ബസ് യാത്രക്കാരെ പലയിടങ്ങളിലായി ഇറക്കിയ ശേഷം നിര്‍ത്തിയിടാനായി പന്തക്കലിലെ പെട്രോള്‍ പമ്പിലേക്ക് പോവുമ്പോഴാണ് അപകടം. അപകടസമയം രണ്ട് യാത്രക്കാരും രണ്ടു ജീവനക്കാരുമാണ് ബസ്സിലുണ്ടായിരുന്നത്. അമ്പതടിയിലേറെ താഴ്ചയുള്ള പുഴയിലേക്ക് ബസ് കൂപ്പുകുത്തുകയായിരുന്നു. ഡ്രൈവര്‍ തെറിച്ചുവീണതിനാലാണ് രക്ഷപ്പെട്ടത്. പുലര്‍ച്ചെ നടക്കാനിറങ്ങിയവരാണ് അപകടം ആദ്യം കണ്ടത്. അഗ്‌നിശമനസേനയ്‌ക്കൊപ്പം നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ബംഗളൂരുവില്‍ വ്യാപാരിയായ ടി ചന്ദ്രന്റെ ഭാര്യയും മകനുമാണു മരിച്ച പ്രേമലതയും പ്രജിത്തും. പ്രജിഷയാണ് മകള്‍. മരുമകന്‍: മനോജ്(ഗള്‍ഫ്). ബംഗളൂരുവില്‍ ബിസിനസ് നടത്തുകയാണ് പ്രജിത്ത്. ചൊക്ലി മേനപ്രത്തെ പരേതനായ ദാമോദരന്‍ അടിയോടി-ജാനകിയമ്മ ദമ്പതികളുടെ മകളാണ് പ്രേമലത. സഹോദരന്‍: പ്രേംദാസ് (ഗുജറാത്ത്). കിഴക്കെ കതിരൂരിലെ ചെട്ട്യാന്‍പറമ്പില്‍ നാണു-ജാനു ദമ്പതികളുടെ മകനാണ് ജിതേഷ്. ഭാര്യ: സഹിന. മക്കള്‍: വൈഷ്ണവി, കൃഷ്ണപ്രിയ. സഹോദരങ്ങള്‍: പ്രേമി, പ്രസീത, സന്തോഷ്, പ്രദീപന്‍.
Next Story

RELATED STORIES

Share it