പെട്രോള്‍: സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കണം- നീതി ആയോഗ് ഉപാധ്യക്ഷന്‍

ന്യൂഡല്‍ഹി: പെട്രോളിന്‍മേലുള്ള നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാവണമെന്നും അവര്‍ക്ക് അതിനുള്ള ശേഷിയുണ്ടെന്നും നീതി ആയോഗ് ഉപാധ്യക്ഷന്‍ രാജീവ്കുമാര്‍. കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും എണ്ണവില കുറയ്ക്കുന്നതില്‍ ചില മുന്‍ഗണനകളുണ്ട്. മൂല്യവര്‍ധിതമായ വിലയിലാണ് സംസ്ഥാന സര്‍ക്കാരുകള്‍ പെട്രോളിന് നികുതി ചുമത്തുന്നത്. അതിനാല്‍ നികുതിയില്‍ വലിയ രീതിയില്‍ കുറവു വരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കഴിയുമെന്ന് രാജീവ്കുമാര്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനങ്ങളില്‍ പെട്രോളിനുള്ള ശരാശരി നികുതി 27 ശതമാനമാണ്. സംസ്ഥാനങ്ങള്‍ 10 മുതല്‍ 15 വരെ ശതമാനം നികുതി കുറച്ച് ബജറ്റ് പ്രകാരമുള്ള നികുതി ഈടാക്കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാവണം. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അവര്‍ ആ തുകയോട് അത്യാര്‍ത്തി കാണിക്കുകയാണെന്നും അത് ബാധിക്കുന്നത് ജനങ്ങളെ മാത്രമല്ല രാജ്യത്തെ സമ്പദ് വ്യവസ്ഥയെക്കൂടിയാണെന്നും നീതി ആയോഗ് ഉപോധ്യക്ഷന്‍ പറയുന്നു.
എണ്ണവില വര്‍ധന കൈകാര്യം ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന് സാമ്പത്തികപരമായ ഇടങ്ങളുണ്ട്. പെട്രോളിന്‍മേലുള്ള അധിക എക്‌സൈസ് തീരുവ കുറയ്ക്കുന്ന കാര്യം കേന്ദ്രം പരിഗണിക്കും. പെട്രോള്‍ മാത്രമല്ല വൈദ്യുതിയും ചരക്കുസേവന നികുതി (ജിഎസ്ടി) പരിധിയില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആവശ്യപ്പെട്ടു. ജിഎസ്ടിയിലേക്ക് മാറ്റിയാല്‍ ഇന്ധന വിലയില്‍ കുറവുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it