kannur local

പെട്രോളിയം സംഭരണ പദ്ധതിക്കെതിരേ നാട്ടുകാര്‍ സമരവിത്തിട്ടു

പയ്യന്നൂര്‍: നിര്‍ദിഷ്ട പെട്രോളിയം സംഭരണ പദ്ധതിക്കായി നെല്‍വയലും തണ്ണീര്‍ത്തടവും വിട്ടുതരില്ലെന്ന പ്രഖ്യാപനവുമായി കണ്ടങ്കാളി തലോത്ത് വയലില്‍ പുഞ്ചക്കാട് ജനരക്ഷാ സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സമരത്തിന്റെ വിത്തിട്ടു. കര്‍ഷകത്തൊഴിലാളികളും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. പത്തേക്കര്‍ വയലില്‍ ഉഴുന്ന്, മുതിര, പയര്‍ എന്നിവയാണു വിതച്ചത്.
മുതിര്‍ന്ന കര്‍ഷകത്തൊഴിലാളികളായ പി വി കാര്‍ത്യായനി, എ ദാക്ഷായണി, ടി പത്മിനി, മാടക്ക ജാനകി, റോസ ലൂക്കോസ്, പരത്തി രവി, മാടക്ക നാരായണന്‍ എന്നിവര്‍ ചേര്‍ന്ന് വിതയുല്‍സവം ഉദ്ഘാടനം ചെയ്തു. നെല്‍വയല്‍ സംരക്ഷിക്കാന്‍ ഒറ്റക്കെട്ടായി പോരാടുമെന്ന് അവര്‍ പ്രതിജ്ഞ ചെയ്തു. ജനരക്ഷാ സമിതി ചെയര്‍മാന്‍ ടി എം വിക്ടര്‍, കണ്‍വീനര്‍ കെ പി അനീഷ്, കെ വി അനില്‍കുമാര്‍, എം ക്ലമന്റ്, എം സുധാകരന്‍, പി ബാബുരാജ്, പി പി ജനാര്‍ദനന്‍, എം പ്രിയന്‍, അരുണ്‍, സജിത തമ്പാന്‍, എം കമല, ഷീജ സഹദേവന്‍, ലീല രവീന്ദ്രന്‍, എം ശാന്ത നേതൃത്വം നല്‍കി. ഇവിടെയിടുന്ന സമരത്തിന്റെ വിത്തുവേരുകള്‍ മണ്ണിലേക്കും നാമ്പുകള്‍ നീലാകാശത്തേക്കും വളര്‍ന്ന് വരും തലമുറയെ സംരക്ഷിക്കട്ടേയെന്ന് സീക്ക് ഡയറക്ടര്‍ പി പി പത്മനാഭന്‍ മാസ്റ്റര്‍ പറഞ്ഞു. ഡോ. ഇ ഉണ്ണികൃഷ്ണന്‍ സംസാരിച്ചു. ഇ പത്മിനിയുടെ നേതൃത്വത്തില്‍ നാട്ടിപ്പാട്ട് അറങ്ങേറി. പുഞ്ചക്കാട് റെയില്‍വേ ഗേറ്റ് മുതല്‍ കുഞ്ഞിമംഗലം ചങ്കൂരിച്ചാല്‍ വരെ 75 ഏക്കര്‍ നെല്‍വയലും 50 ഏക്കര്‍ കണ്ടല്‍വനങ്ങളും തണ്ണീര്‍ത്തടവും നികത്തിയാണ് കേന്ദ്രീകൃത പെട്രോളിയം സംഭരണ പദ്ധതി നടപ്പാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നത്. ജനവികാരം മാനിക്കാതെ പദ്ധതിയുമായി  മുന്നോട്ടുപോവുകയാണെങ്കില്‍ ശക്തമായി പ്രതിരോധിക്കുമെന്ന് ജനരക്ഷാ സമിതി ഭാരവാഹികള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it