പൂരിഞ്ഞി ഇരട്ടക്കൊലപാതകം: പ്രതികളിലൊരാള്‍ കസ്റ്റഡിയിലെന്നു സൂചന

മാനന്തവാടി: വയനാടിനെ നടുക്കിയ പൂരിഞ്ഞി ഇരട്ടക്കൊലപാതകത്തിലെ പ്രതികളിലൊരാള്‍ പിടിയിലായതായി സൂചന. മൂന്നുദിവസം മുമ്പ് ഒരാളെ കസ്റ്റഡിയിലെടുത്തതായും കൃത്യത്തില്‍ ഒരാള്‍ക്കു കൂടി പങ്കുണ്ടെന്ന സംശയത്തില്‍ അന്വേഷണം നടക്കുന്നുവെന്നുമാണ് ലഭിക്കുന്ന വിവരങ്ങള്‍. കുറ്റിയാടി സ്വദേശിയാണ് കസ്റ്റഡിയിലുള്ളതെന്നു പറയപ്പെടുന്നു.
തൊണ്ടര്‍നാട് പഞ്ചായത്തിലെ 12ാം മൈല്‍ പൂരിഞ്ഞിയില്‍ പരേതനായ വാഴയില്‍ മൊയ്തുവിന്റെ മകന്‍ ഉമറും ഭാര്യ മാനന്തവാടി ആറങ്ങാടന്‍ മമ്മൂട്ടിയുടെ മകള്‍ ഫാത്തിമയുമാണ് ജൂലൈ 6ന് കൊല്ലപ്പെട്ടത്. ഉമറിന്റെ ഇളയ സഹോദരന്റെ വീട്ടിലായിരുന്ന ഉമ്മ ആയിഷ രാവിലെ തിരിച്ചെത്തിയപ്പോള്‍ കിടപ്പുമുറിയില്‍ ദമ്പതികളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അന്നുതന്നെ മാനന്തവാടി ഡിവൈഎസ്പി കെ എം ദേവസ്യയുടെ നേതൃത്വത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. പിന്നീട് 28 അംഗ അന്വേഷണ സംഘത്തെ നിയോഗിച്ച് സ്‌ക്വാഡുകളായി തിരിഞ്ഞു പ്രതികള്‍ക്കായുള്ള അന്വേഷണം നടന്നുവരുകയായിരുന്നു.
പ്രാഥമിക ഘട്ടത്തില്‍ ഹെല്‍മറ്റും ചീര്‍പ്പുമൊഴികെ കാര്യപ്പെട്ട തെളിവുകളൊന്നും ലഭിച്ചില്ലെങ്കിലും ഫാത്തിമയുടെ മൊബൈല്‍ ഫോണും സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടതു ശ്രദ്ധയില്‍പ്പെട്ടതോടെ അന്വേഷണം ആ നിലയ്ക്ക് മുന്നോട്ടുകൊണ്ടുപോവുകയാണ് അന്വേഷണസംഘം ചെയ്തത്. ഇതാണ് പ്രതികളിലേക്ക് എത്തിച്ചതെന്നാണ് കരുതുന്നത്.

Next Story

RELATED STORIES

Share it