thrissur local

പൂരത്തിന് പൊലിമയേകുക ഘടക പൂരങ്ങള്‍

തൃശൂര്‍: തൃശൂര്‍ പൂരത്തില്‍ ഘടക പൂരങ്ങള്‍ക്കും സുപ്രധാന സ്ഥാനം തന്നെയാണ് നല്‍കുന്നത്. ശക്തന്റെ തട്ടകത്തെ പൂരാവേശത്തിലാക്കാന്‍ താളമേളകൊഴുപ്പില്‍ എഴുന്നള്ളുന്ന ഘടകപൂരങ്ങളുടെ വിശേഷങ്ങളിലേയ്ക്ക്. പൂരത്തിന്റെ പഴയകാല ഓര്‍മ്മകളിലേയ്ക്ക് കടന്നുചെല്ലുമ്പോള്‍ ഘടകപൂരങ്ങളുടെ എഴുന്നള്ളത്ത് ഓരോപൂരപ്രേമികളുടെ മനസ്സിലേയ്ക്കും ഓടിയെത്തും.
പാണ്ടിമേളത്തിന്റെയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ നാദതാള വര്‍ണ്ണ വിസ്മയം തീര്‍ത്ത് പൂരനഗരിയെ കീഴടക്കാനെത്തുന്ന ഘടക പൂരങ്ങളുടെ എഴുന്നള്ളത്ത് ഓരോ ആസ്വാദകനും മറക്കാനാകാത്ത അനുഭവം തന്നെയാണ്. പ്രധാന പൂരം പങ്കാളികളായ തിരുവമ്പാടി, പാറമേക്കാവ് വിഭാഗങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ ഘടകപൂരങ്ങളാണ് പൂരത്തിലെ താരങ്ങള്‍. കണിമംഗലം, പനമുക്കുംപിള്ളി എന്നീ ശാസ്താക്ഷേത്രങ്ങളും ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകാവ്, അയ്യന്തോള്‍, നൈതലക്കാവ് എന്നീ ദേവീ ക്ഷേത്രങ്ങളുമാണ് പൂരത്തിലെ മറ്റ് പങ്കാളികള്‍.
ശക്തന്‍ തമ്പുരാന്‍ തൃശൂര്‍ പൂരം ചിട്ടപ്പെടുത്തിയ കാലം മുതല്‍ തന്നെ ഈ ഘടക പൂരങ്ങള്‍ക്കും പൂരത്തില്‍ പ്രധാന സ്ഥാനങ്ങള്‍ നല്‍കുന്നുണ്ട്. പൂരത്തിന് തുടക്കം കുറിക്കുന്നതും ചെറുപൂരങ്ങളുടെ എഴുന്നള്ളത്തോടെയാണ്. പാറമേക്കാവിന്റെ പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളത്തിനും, തിരുവമ്പാടിയുടെ മഠത്തില്‍ വരവിനും മുമ്പേ രാവിലെ നാടുണര്‍ത്തി വരുന്ന ചെറുപൂരങ്ങള്‍, തേക്കിന്‍കാടും ശക്തന്റെ തട്ടകവും കീഴടക്കും. അപ്പോള്‍ തൃശൂര്‍ നഗരത്തിന്റെ മുക്കിലും മൂലയിലും പൂരാവേശം വാനോളമുയരും. 3 ആനകള്‍ മുതല്‍ 14 ആനകളുടെ വരെ അകമ്പടിയോടെ  മതിവരാപൂരകാഴ്ച്ചകള്‍ സമ്മാനിച്ചുകൊണ്ടാണ് ഘടകപൂരങ്ങള്‍ ഇത്തവണയും പൂരനഗരിയിലെത്തുക.
Next Story

RELATED STORIES

Share it