Idukki local

പൂപ്പാറയിലെ കാട്ടാനശല്യം തടയാന്‍ നടപടിയില്ല ; നാട്ടുകാര്‍ ദേശീയ -സംസ്ഥാന പാതകള്‍ ഉപരോധിച്ചു



രാജാക്കാട്: ശാന്തന്‍പാറ പഞ്ചായത്തിലെ പൂപ്പാറയ്ക്ക് സമീപമുള്ള മുള്ളന്‍തണ്ട്,ചെമ്പാല പ്രദേശങ്ങളിലെ കാട്ടാന ശല്യത്തിനു പരിഹാരാമുണ്ടാക്കുമെന്ന അധികൃതരുടെ വാഗ്ദാനം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ കൊച്ചി-ധനുഷ്‌ക്കോടി ദേശീയ പാതയും,രാജാക്കാട്-പൂപ്പാറ സംസ്ഥാന പാതയും ഉപരോധിച്ചു.ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക, പ്രദേശത്ത് വൈദ്യുത വിളക്കുകള്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇന്നലെ ഉച്ച മുതല്‍ ആയിരുന്നു സമരം. കഴിഞ്ഞ മാസം 12നു രാത്രി മുള്ളന്‍തണ്ടിലും ചെമ്പാലയിലുമായി ഉണ്ടായ ആനയുടെ ആക്രമണത്തില്‍ ഏഴാംക്ലാസ്സ് വിദ്യാര്‍ത്ഥിനിക്കും മാതാവിനും സാരമായി പരിക്കേല്‍ക്കുകയും, രണ്ട് സ്‌റ്റോറുകള്‍ ഉള്‍പ്പെടെ 4 വീടുകള്‍ തകരുകയും ചെയ്തിരുന്നു. ആക്രമണ പരമ്പരകളില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ പൂപ്പാറ ടൗണില്‍ ദേശീയപാത ഉപരോധിക്കുകയും നാല് മണിക്കൂറോളം ഗതാഗതം തടസ്സപ്പെടുകയുമുണ്ടായി.തുടര്‍ന്ന് കലക്ടറുടെ നിര്‍ദേശപ്രകാരം ഉടുമ്പന്‍ചോല തഹസീല്‍ദാര്‍ എത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തുകയും, 10ദിവസത്തിനകം ആക്രമണകാരിയായ ചില്ലികൊമ്പനെ പ്രദേശത്തുനിന്നും മാറ്റുന്നതിനു നടപടിയയെടുക്കുമെന്നും,വീട് നഷ്ടപ്പെട്ടവര്‍ക്ക് ഉടന്‍ നഷ്ടപരിഹാരത്തുക നല്‍കുമെന്നും, 5ദിവസത്തിനകം കളക്ടറും ഡി.എഫ്.ഒയും പങ്കെടുത്ത് ശാന്തന്‍പാറയില്‍ യോഗം സംഘടിപ്പിക്കുമെന്നും,ഒറ്റയാനെ നിരീക്ഷിക്കുവാന്‍ കൂടുതല്‍ വനപാലകരെ നിയമിക്കുമെന്നും, കേടായ വഴിവിളക്കുകള്‍ ഉടന്‍ പുനസ്ഥാപിക്കുകയും പുതിയവ അനുവദിക്കുകയും ചെയ്യുമെന്നും ഉറപ്പ് നല്‍കിയിരുന്നു. ഇതെത്തുടര്‍ന്നാണു അന്ന് സമരം അവസാനിച്ചത്.എന്നാല്‍ ആഴ്ച്ചകള്‍ കഴിഞ്ഞിട്ടും ഉറപ്പുകളില്‍ ഒന്നുപോലും പാലിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, കഴിഞ്ഞ ദിവസം രാത്രി ചെമ്പാല ഭാഗത്ത് വാഴക്കാലായില്‍ പൊന്നമ്മയുടെ വീട് കാട്ടാന തകര്‍ക്കുകയും ചെയ്തു.രാത്രികാലങ്ങളില്‍ ജനവാസ കേന്ദ്രത്തില്‍ ചുറ്റിത്തിരിയുന്ന ആനയെ പേടിച്ച് രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നതിനു പോലും സാധിക്കുന്നില്ലെന്നും സമയത്ത് ചികില്‍സ ലഭിക്കാത്തതുമൂലം ഒരു വൃദ്ധന്‍ അടുത്തയിടെ മരിച്ചതായും നാട്ടുകാര്‍ പരാതിപ്പെടുന്നു. ഈ സാഹചര്യത്തിലാണു ഇന്നലെ ഇവര്‍ സമരവുമായി ഇറങ്ങിയത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ എസ്‌റ്റേറ്റ് പൂപ്പാറയില്‍  രണ്ട് മണിക്കൂറോളം റോഡില്‍ ധര്‍ണ്ണ നടത്തിയ ഇവര്‍ തുടര്‍ന്ന് പ്രകടനമായി പൂപ്പാറയിലേക്ക് നീങ്ങുകയും സെന്‍ട്രല്‍ ജംഗ്ഷന്‍ ഉപരോധിക്കുകയുമായിരുന്നു. ലിജു വര്‍ഗീസ്, റോയി ഐസക്, പി പി ചാക്കോ, രഘുനാഥ് കണ്ണാറ, എന്‍ ആര്‍ ജയന്‍, ബിജു വട്ടമറ്റം, കെ കെ അലി,എം വി കുട്ടപ്പന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it