പൂനെ കോളജ് സംഭവം: 200 പേര്‍ക്കെതിരേ കേസ്

പൂനെ: പൂനെ ഫെര്‍ഗൂസന്‍ കോളജില്‍ എന്‍സിപി പ്രവര്‍ത്തകരും യുവമോര്‍ച്ച-എബിവിപി പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ എന്‍സിപി എംഎല്‍എ ജിതേന്ദ്ര ഔഹദിനെ കൈയേറ്റം ചെയ്ത സംഭവത്തില്‍ പോലിസ് കണ്ടാലറിയാവുന്ന 200ലേറെ പേര്‍ക്കെതിരേ കേസെടുത്തു. കോളജ് കാംപസില്‍ കഴിഞ്ഞ ദിവസം ജെഎന്‍യുവിലെ എബിവിപി നേതാവിന്റെ സാന്നിധ്യത്തില്‍ ജെഎന്‍യുവിലെ സത്യം എന്ന വിഷയം ചര്‍ച്ച ചെയ്തിരുന്നു. ഇതിനിടെ ചില വിദ്യാര്‍ഥികള്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചതായി പ്രിന്‍സിപ്പല്‍ പൂനെ പോലിസില്‍ പരാതി നല്‍കി. സംഭവം അന്വേഷിക്കാനെത്തിയ എംഎല്‍എയെ എബിവിപി പ്രവര്‍ത്തകര്‍ തടയുകയും അദ്ദേഹത്തിന്റെ കാറ് കല്ലെറിഞ്ഞു തകര്‍ക്കുകയും ചെയ്തു.  തുടര്‍ന്നാണ് ഇരു വിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായത്. പോലിസ് ഇടപെട്ടാണ് എംഎല്‍എയെ രക്ഷപ്പെടുത്തിയത്.  ബി ആര്‍ അംബേദ്കറുടെ പേരമകനും മുന്‍ എംപി പ്രകാശ് അംബേദ്കറുടെ മകനുമായ സുജത്ത് അംബേദ്കര്‍ അടക്കമുള്ളവരെ രാജ്യദ്രോഹിയായി ചിത്രീകരിച്ചതിനെതിരേ നിരവധി ദലിത് സംഘടനകള്‍ രംഗത്തെത്തിയതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ അദ്ദേഹത്തിന്റെ പ്രസ്താവനയില്‍ നിന്ന് പിന്‍മാറിയിരുന്നു. എന്നാല്‍, തനിക്ക് നേരെ കൈയേറ്റം നടന്നിട്ടില്ലെന്നും പോലിസ് തന്നെ സംരക്ഷിച്ചുവെന്നും ജിതേന്ദ്ര പറഞ്ഞു. എംഎല്‍എയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ എബിവിപി പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്ന് സംഘടനാ വക്താവ് നിഖില്‍ കാരംപുരി അവകാശപ്പെട്ടു.
Next Story

RELATED STORIES

Share it