kozhikode local

പൂനൂര്‍ പുഴയിലേക്ക് കെട്ടിടാവശിഷ്ടങ്ങള്‍ തള്ളിയത് നാട്ടുകാര്‍ തടഞ്ഞു

താമരശ്ശേരി: പൂനൂര്‍ പുഴയോട് ചേര്‍ന്നുള്ള സ്വകാര്യ ആശുപത്രി നവീകരണത്തിനിടെ കെട്ടിടാവശിഷ്ടങ്ങള്‍  പുഴയിലേക്ക് തള്ളിയത് നാട്ടുകാര്‍ തടഞ്ഞു. ഇന്നലെ രാവിലെ മുതലാണ് ഇത്തരത്തില്‍ പുഴയോരം നികത്തുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. ആശുപത്രിയോട് ചേര്‍ന്നുള്ള ഭാഗത്ത് കെട്ടിടം പൊളിച്ച മാലിന്യങ്ങളും മണ്ണുംകല്ലുകളുമിട്ട് വീതികൂട്ടി പുഴയോരം കയ്യേറാനുള്ള ശ്രമമാണ് നടന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
പുഴക്ക് എതിര്‍വശത്തുള്ള സ്ഥലത്ത് പാര്‍ക്കിംഗ് ഗ്രൗണ്ടിനോട് ചേര്‍ന്നുള്ള പുഴയോരവും ഇത്തരത്തില്‍ കെട്ടിടാവശിഷ്ടങ്ങളും മണ്ണും കല്ലുകളുമിട്ട് നിറച്ചിട്ടുണ്ട്. പുഴയോരത്ത് തന്നെ ആശുപത്രിയിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന് കൂറ്റന്‍ ടാങ്ക് നിര്‍മ്മാണവും നടക്കുന്നുണ്ട്. ഇത് പുഴക്ക് തൊട്ടടുത്തായതിനാല്‍ മാലിന്യങ്ങള്‍ വെള്ളത്തില്‍ കലരാന്‍ സാധ്യതയുണ്ടെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു.പൂനൂര്‍ യൂത്ത് വാട്‌സ് ആപ്പ് ഗ്രൂപ്പ്, പ്രതികരണവേദി അംഗങ്ങളുടെ പരാതിയില്‍ ഉച്ചക്ക് ഒരുമണിയോടെ  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ ടി ബിനോയി സ്ഥലം സന്ദര്‍ശിച്ച് പുഴയോരത്തെ മണ്ണിട്ടുനികത്തല്‍  നിര്‍ത്തിവെക്കാനും നികത്തിയഭാഗം പൂര്‍വ്വസ്ഥിതിയിലേക്ക് മാറ്റാനും നിര്‍ദേശം നല്‍കി.
ഗ്രാമപഞ്ചായത്തംഗങ്ങളായ ശശി കരിന്തോറ, ബാബു, പൊതുപ്രവര്‍ത്തകരായ സി പി റഷീദ്,  കെ കെ ലത്തീഫ്, എ വി കരീം, അഷ്—റഫലി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ആശുപത്രിയുടെ ഭാഗത്ത് നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ അപാകതയുണ്ടെങ്കില്‍ പരിശോധിക്കുമെന്നും പൂനൂര്‍ പുഴക്ക് നേരെ നടക്കുന്ന ഏത് കയ്യേറ്റവും ചെറുക്കാന്‍ ഗ്രാമപഞ്ചായത്ത് സന്നദ്ധമാണെന്നും പ്രസിഡന്റ് അറിയിച്ചു. ഇരുനൂറിലധികം കുടിവെള്ള പദ്ധതികള്‍ ഈ പുഴയെ ആശ്രയിച്ചു പ്രവര്‍ത്തിച്ചുവരുന്നു.
മുന്‍കാലങ്ങലില്‍ നിന്നും വ്യത്യസ്തമായി ഇക്കുറി നേരെത്തെ തെന്ന ജലവിതാനം താഴ്ന്നതിനു പുറമെ ഇത്തരം പ്രവര്‍ത്തികളും കുടിവെള്ള പദ്ധതികളെ സാരമായി ബാധിക്കുമെന്നാശങ്കയും ശക്തമാണ്. സംഭവത്തെ തുടര്‍ന്ന് പൂനൂര്‍പുഴ കയ്യേറ്റത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ജനകീയ പ്രകൃതി സേവാ സമിതി താമരശ്ശേരി തഹസില്‍ദാര്‍ക്ക് പരാതി നല്‍കി.
Next Story

RELATED STORIES

Share it