wayanad local

പൂതാടി ഭരണസമിതിക്കെതിരേ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന്

കല്‍പ്പറ്റ:  പൂതാടി പഞ്ചായത്ത് ഭരണ സമിതിക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് യുഡിഎഫ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുഴുവന്‍ മേഖലകളിലും അഴിമതിയും, കെടുകാര്യസ്ഥതയും, സ്വജനപക്ഷപാതവും അരങ്ങുവാഴുകയാണ്. ഭവന നിര്‍മ്മാണത്തിനോ, ഗതാഗത പ്രശ്‌നങ്ങള്‍ക്കോ തുക നീക്കിവെക്കാതെ വ്യക്തിഗത ആനുകൂല്യങ്ങള്‍ നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുക്കാനാണ് കുടുംബശ്രീയുടെ പേരില്‍ കൂടുതല്‍ തുക നീക്കിവെച്ചതെന്ന് അവര്‍ ആരോപിച്ചു. രണ്ടാഴ്ച മുമ്പ് നടന്ന കോഴി വിതരണത്തിലും, കഴിഞ്ഞാഴ്ച നടന്ന ആട് വിതരണത്തിലും ലക്ഷങ്ങളുടെ അഴിമതിയാണ് നടന്നത്.
കോഴി ഒന്നിന് 50 രൂപ പഞ്ചായത്തും, തത്തുല്യ തുക ഗുണഭോക്താക്കളും ചേര്‍ന്ന് നല്‍കി 100 രൂപക്ക് 600 ഗ്രാം തൂക്കമുള്ള കോഴിയെ നല്‍കാനായിരുന്നു പദ്ധതി വിഭാവനം ചെയ്യുന്നത്. എന്നാല്‍ 400 ഗ്രാം തൂക്കം മാത്രമാണ് കോഴികള്‍ക്കുണ്ടായിരുന്നത്. ആടൊന്ന് അയ്യായിരം രൂപ ഗ്രാമപഞ്ചായത്തും അയ്യായിരം രൂപ കുടുംബശ്രീ അംഗങ്ങളും വിഹിതവും ചേര്‍ത്ത് 14 കി.ഗ്രാം തൂക്കമുള്ള ആടിനെ ബ്രഹ്മഗിരി പ്രൊജക്ട് മുഖേന വിതരണം ചെയ്യാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. എന്നാല്‍ ആടുകളുടെ തൂക്കം ആറു കി.ഗ്രാം മാത്രമായിരുന്നു. കുടുംബശ്രീ അംഗങ്ങള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ആട് വിതരണം നിര്‍ത്തിവെക്കുകയായിരുന്നു. ബ്രഹ്മഗിരി ഔട്ട്‌ലെറ്റ് നടത്തുന്നത് സിപിഎം ലോക്കല്‍ സെക്രട്ടറിയാണ്. അവിടെ ഒരു കി.ഗ്രാം ആട്ടിറച്ചിയുടെ വില 420 രൂപ മാത്രമാണ്. ഗൂഡല്ലൂരിലേയും, ഗുണ്ടല്‍പേട്ടയിലേയും ഹള്ളികളില്‍ നിന്ന് കൂടടക്കം കച്ചവടം ചെയ്താണ് ബ്രഹ്മഗിരി വഴിയാണെന്ന വ്യാജേന ആടിനെ കൊണ്ടുവന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ കേന്ദ്രത്തിന്റെ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് പ്രവൃത്തി നടപ്പാക്കുന്നത്. നടവയല്‍ പ്രദേശത്തെ ചെഞ്ചടി ജലസേചന പദ്ദതിക്ക് വേണ്ടി നിര്‍മ്മിച്ച വലിയ അണക്കെട്ടിന്റെ തൊട്ടടുത്ത പുഴയില്‍ ലക്ഷങ്ങള്‍ ചെലവിട്ട് തടയണ നിര്‍മ്മിക്കുകയാണ്. സിപിഎം നടപടികള്‍ക്ക് ബിജെപിയും കൂട്ടുനില്‍ക്കുകയാണ്. 2015ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്ത രാജീവ്ഗാന്ധി ഷോപ്പിംഗ് കോംപ്ലക്‌സിലെ 20 മുറികള്‍ 3 വര്‍ഷമായിട്ടും ലേലം ചെയ്ത് നല്‍കിയിട്ടില്ല. ഏകദേശം 30 ലക്ഷത്തോളം രൂപ 3 വര്‍ഷം കൊണ്ട് പഞ്ചായത്തിന്റെ വരുമാനത്തില്‍ നഷ്ടമുണ്ടായിട്ടുണ്ട്.
നെഹ്‌റു പാര്‍പ്പിട പദ്ധതിയില്‍ പാവപ്പെട്ടവര്‍ക്ക് 250 വീടുകള്‍ നിര്‍മ്മിച്ച് നല്‍കാന്‍ അഞ്ചു കോടി രൂപയുടെ വായ്പയെടുക്കാന്‍ കഴിഞ്ഞ യുഡിഎഫ് ഭരണ സമിതി തീരുമാനിക്കുകയും പൂതാടി സര്‍വ്വീസ് സഹകരണ ബാങ്കുമായി എഗ്രിമെന്റ് വെക്കുകയും ചെയ്തതാണ്. എന്നാല്‍ ഈ പദ്ധതി വേണ്ടെന്ന് വെക്കുകയാണ് ചെയ്തത്.  ജലനിധി പദ്ധതിക്ക് വേണ്ടി കോടികണക്കിന് രൂപ സര്‍ക്കാരില്‍ നിന്നും വാങ്ങിയെടുക്കുന്നുണ്ടെങ്കിലും പല മേഖലകളിലും കുടിവെള്ളം കിട്ടാക്കനിയാണ്. ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയുടെ പ്രാദേശിക നിധി ഉപയോഗിച്ച് നിര്‍മ്മിച്ച റോഡ് മാത്രമാണ് പഞ്ചായത്തിലുളളത്. ഈ വര്‍ഷം പദ്ധതി തുക ചെലവഴിക്കുന്നതില്‍ പൂതാടി പഞ്ചായത്താണ് ഏറ്റവും പിന്നില്‍. പഞ്ചായത്തിലെ ക്രമക്കേടുകള്‍ കണ്ടെത്താന്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.  വാര്‍ത്താ സമ്മേളനത്തില്‍ മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ വിശ്വനാഥന്‍, മണ്ഡലം യുഡിഎഫ് കണ്‍വീനര്‍ അലിക്കുഞ്ഞ്, മുഹമ്മദ് ബഷീര്‍, ടി കെ നാരായണന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it