Flash News

പൂക്കോട്ടുംപാടം വില്വത്ത് ക്ഷേത്രത്തിനു നേരെ ആക്രമണം ; വിഗ്രഹങ്ങള്‍ തകര്‍ത്തു



നിലമ്പൂര്‍: പൂക്കോട്ടുംപാടം വില്വത്ത് ക്ഷേത്രത്തില്‍ അതിക്രമിച്ചു കടന്ന് വിഗ്രഹങ്ങള്‍ തകര്‍ത്തു. വെള്ളിയാഴ്ച രാത്രിയാണു സംഭവം. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള ക്ഷേത്രത്തിന്റെ ഓടുകള്‍ ഇളക്കിമാറ്റിയാണ് അക്രമി അകത്തുകടന്നത്. ശിവന്റെയും വിഷ്ണുവിന്റെയും വിഗ്രഹങ്ങള്‍ അടിച്ചുപൊട്ടിച്ചിട്ടുണ്ട്. രാവിലെ  പൂജാരിയാണ് സംഭവം കാണുന്നത്. പൂക്കോട്ടുംപാടം അങ്ങാടിയില്‍ നിന്നു 10 മീറ്ററോളം മാത്രമാണ് ഈ ക്ഷേത്രത്തിലേക്കുള്ള ദൂരം. വിവരമറിഞ്ഞ് ഡിവൈഎസ്പി  മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ വന്‍ പോലിസ് സന്നാഹം പൂക്കോട്ടുംപാടത്തും പരിസരങ്ങളിലും നിലയുറപ്പിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും എത്തി പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് പരിസരവാസിയായ ഒരു യുവാവ് പോലിസ് കസ്റ്റഡിയിലായതായി സൂചനയുണ്ട്. പോലിസ് കസ്റ്റഡിയിലുള്ള യുവാവ് മമ്പാട് താമസക്കാരനായ തിരുവനന്തപുരം സ്വദേശിയാണെന്നാണ് വിവരം. അമ്പലത്തില്‍ നിന്നു വിലപിടിപ്പുള്ള വസ്തുക്കളൊന്നും തന്നെ നഷ്ടപ്പെട്ടിട്ടില്ല. അതിനാല്‍ തന്നെ മോഷണമല്ല  ലക്ഷ്യമെന്നാണ് പോലിസ് നിഗമനം. ക്ഷേത്രകമ്മിറ്റിയില്‍ രണ്ടുവിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നത ഈയടുത്ത് രൂക്ഷമായതായി നാട്ടില്‍ സംസാരമുണ്ട്. ഈ വഴിയും അന്വേഷണം നടക്കുന്നതായാണു വിവരം. കൂടുതല്‍ വിവരങ്ങള്‍ പോലിസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ രാവിലെ മുതല്‍ സംഘപരിവാര സംഘടനകള്‍ പൂക്കോട്ടുംപാടത്ത് കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടഞ്ഞ് സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്തു. നാട്ടുകാര്‍ സംയമനം പാലിച്ചതു കാരണം അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല. സംഭവമറിഞ്ഞ് ക്ഷേത്രത്തിലെത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിനോട് ചിലര്‍ അപമര്യാദയായി പെരുമാറിയതും പ്രശ്‌നം വഷളാക്കി. തുടര്‍ന്ന് ക്ഷേത്രത്തില്‍ വിളിച്ചുചേര്‍ത്ത സര്‍വ കക്ഷി സമാധാനയോഗം അലങ്കോലമായി. പിന്നീട് പി വി അന്‍വര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ പൂക്കോട്ടുംപാടം വ്യാപാരഭവനില്‍ സര്‍വകക്ഷിയോഗം ചേര്‍ന്നു. ബിജെപി ജില്ലാ ഭാരവാഹികള്‍ അടക്കമുള്ള രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കള്‍ ഇതില്‍ പങ്കെടുത്തു. അതിക്രമത്തിന്റെ മറവില്‍ ആരെയും മുതലെടുക്കാന്‍ അനുവദിക്കരുതെന്ന് സര്‍വകക്ഷി യോഗം ആഹ്വാനം ചെയ്തു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിനോട് ക്ഷേത്രത്തില്‍ നിന്ന് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ഭാരവാഹികള്‍ ഖേദംപ്രകടിപ്പിച്ചു. കഴിഞ്ഞ ജനുവരി 24ന് വാണിയമ്പലം ത്രിപുരസുന്ദരി ക്ഷേത്രത്തിലും സമാനമായ സംഭവം ഉണ്ടായിരുന്നു. ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ ഇളക്കിമാറ്റി പാറക്കെട്ടിലിടുകയും കംപ്യൂട്ടറുകള്‍ നശിപ്പിക്കുകയുമായിരുന്നു.
Next Story

RELATED STORIES

Share it