malappuram local

പുളിക്കലില്‍ വെള്ളം ലഭ്യമാക്കിയ ശേഷം മാത്രം പുറത്തേക്കെന്ന്



കൊണ്ടോട്ടി: ചീക്കോട് കുടിവെള്ള പദ്ധതിയുടെ പുളിക്കല്‍ പഞ്ചായത്തിലെ വലിയപറമ്പ് കോമ്പറമ്പിലെ ടാങ്കില്‍ നിന്നും പഞ്ചായത്തിലെ ഗുണഭോക്താക്കള്‍ക്ക് വെള്ളം ലഭ്യമാക്കിയ ശേഷം മാത്രമേ പുറത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കകയുളളവെന്ന് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. ടാങ്കില്‍ നിന്നും  കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് വെള്ളം കൊണ്ട് പോകാനുള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ രണ്ട് റോഡുകളില്‍ ചാല് കീറാന്‍ അനുമതിക്കായി സംസ്ഥാന ജലവകുപ്പ് പുളിക്കല്‍ പഞ്ചായത്തിന് കത്ത് നല്‍കിയിരുന്നു. വലിയപറമ്പ് അലക്കപറമ്പ്-കോമ്പറമ്പ് കോളനി റോഡ്, മലാട്ടിക്കല്‍  കോമ്പറമ്പ് കോളനി റോഡ് എന്നിവ വെട്ടിപ്പൊളിക്കാനുള്ള അനുമതി നല്‍കണമെന്നാണ് ആവശ്യം. ഇതേ തുടര്‍ന്നാണ് പഞ്ചായത്ത് പ്രത്യേക യോഗം ചേര്‍ന്ന് തീരുമാനമെടുത്തത്.തീരുമാനം ജല വകുപ്പിനെ അറിയിച്ചിട്ടുണ്ട്.  വിഷയവുമായി ബന്ധപ്പെട്ട് സംഭരണി സ്ഥിതി ചെയ്യുന്ന വലിയ പറമ്പില്‍ വാര്‍ഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ചീരങ്ങന്‍ മുഹമ്മദ് മാസ്റ്ററുടെ നേതൃത്വത്തില്‍ പരിസര വാര്‍ഡുമെമ്പര്‍മാരുടെയും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗം വിളിച്ചു ചേര്‍ത്തു.പഞ്ചായത്ത് ഭരണസമിതി എടുത്ത തീരുമാനപ്രകാരം മുന്നോട്ടു പോകാന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്. യോഗത്തില്‍ വാര്‍ഡുമെമ്പര്‍മാരായ കെ വി ഹുസ്സന്‍കുട്ടി, കെ എം ബിച്ചാപ്പു, കെ എം സിദ്ദീഖ്, കുഞ്ഞുമുഹമ്മദ്, എന്‍ സത്യന്‍, കെ പി ഷാഫി, കെ എം ഇസ്മായില്‍, മുജീബ് തുടങ്ങിയവര്‍ സംസാരിച്ചു.  ചീക്കോട് പദ്ധതിക്കായി ഓരോ പഞ്ചായത്തിലും സംഭരണികള്‍ നിര്‍മ്മിച്ചിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളം സ്ഥിതി ചെയ്യുന്ന പള്ളിക്കല്‍ പഞ്ചായത്തിലും കൊണ്ടോട്ടി നഗരസഭാ പരിധിയിലും സംഭരണികള്‍ ഉണ്ട്. എന്നിട്ടും കിലോമീറ്ററുകള്‍ അകലെയുളള പുളിക്കല്‍ പഞ്ചായത്തിലെ സംഭരണിയില്‍ നിന്നും വെള്ളം കൊണ്ട് പോകാന്‍ സംസ്ഥാന ജല വകുപ്പും വിമാനത്താവള അഥോറിറ്റിയും കരാര്‍ ഉണ്ടാക്കിയതില്‍ ദുരൂഹതയുണ്ടെന്ന് യോഗം വിലയിരുത്തി.
Next Story

RELATED STORIES

Share it