Idukki local

പുലിപ്പേടിയില്‍ കുമളിയും പരിസരവും



കുമളി: കുമളി ടൗണിനെയും സമീപ മേഖലകളെയും വിടാതെ പുലിപ്പേടി. വളര്‍ത്തുനായയെ പുലി കടിച്ചു കീറി കൊന്നുതിന്നു. ഒരാഴ്ചയായി കുമളി ടൗണിന്റെ പരിസര പ്രദേശങ്ങളില്‍ വിഹരിക്കുന്ന പുലി ഭിതിവിതയ്ക്കുകയാണ്. കഴിഞ്ഞദിവസം രാത്രി ഏഴുമണിയോടെ കുമളി സ്പ്രിങ്‌വാലി പുളിക്കപ്പറമ്പില്‍ സുകുമാരന്റെ വീട്ടില്‍ വളര്‍ത്തിയിരുന്ന നായയെയാണ് പുലി കൊന്നത്. വൈകീട്ട് നായയെ കൂട്ടില്‍ നിന്ന് തുറന്നു വിട്ട് മിനിറ്റുകള്‍ക്കുള്ളില്‍ വീടിന്റെ പരിസരത്ത് പതുങ്ങിയിരുന്ന പുലി നായയുടെ മേല്‍ ചാടി വീണു കടിച്ചു കീറി കൊല്ലുകയായിരുന്നു. നായയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് സുകുമാരന്റെ മകന്‍ അനീഷ് ചെന്ന് നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. ബഹളം വച്ചും ടോര്‍ച്ചിന്റെ വെളിച്ചത്തിലും പുലിയെ ഓടിക്കാന്‍ ശ്രമിച്ചെങ്കിലും ബഹളം വകവയ്ക്കാതെ സാവധാനമാണ് പുലി കാട്ടിലേക്കു പോയതെന്ന് അനീഷ് പറഞ്ഞു. പിന്നീട് നാട്ടുകാര്‍ ചുറ്റുപാടും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. എന്നാല്‍ അല്‍പസമയത്തിന് ശേഷം തിരികെയെത്തി കൊലപ്പെടുത്തിയ നായയുടെ തലയുള്‍പ്പെടെയുള്ള ഭാഗങ്ങള്‍ പുലി ഭക്ഷിച്ചു. നാട്ടുകാര്‍ ബഹളം ഉണ്ടാക്കിയതോടെ ഓടി മറഞ്ഞ പുലി മൂന്നാമതും തിരികെയെത്തിയതോടെ ജനങ്ങള്‍ പരിഭ്രാന്തരായി. വനം വകുപ്പ് ഉേദ്യാഗസ്ഥര്‍ സ്ഥലത്തെത്തിയപ്പോഴേക്കും പുലി വീണ്ടും കാടിനുള്ളിലേക്ക് മറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ മൂന്നാമത്തെ സംഭവമാണിത്. ദിവസങ്ങള്‍ക്കുമുമ്പ് രണ്ട് ആടുകളെയും ഒരു വളര്‍ത്തു നായയെയും പുലി ആക്രമിച്ചിരുന്നു. എന്നാല്‍ ഇതുവരെ മൃഗങ്ങളെ ആക്രമിച്ച വന്യജീവി പുലി തന്നെയാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിരുന്നില്ല. സ്പ്രിംഗ്‌വാലിയില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കേ പുലി വളര്‍ത്തു നായയെ തിന്നതും ശബ്ദ മുഖരിതമായ അന്തരീക്ഷത്തില്‍ പോലും പിന്‍വാങ്ങാതെ നിലയുറപ്പിച്ചതും ആളുകളെ കൂടുതല്‍ ആശങ്കയിലാക്കുകയാണ്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന വീടുകളുടെ സമീപത്ത് ദിവസങ്ങളായി പുലി ചുറ്റി തിരിയുന്നത് മൂലം പകല്‍ സമയത്തു പോലും കൃഷിയിടങ്ങിലേക്കു പോകാന്‍ ആളുകള്‍ക്കു ഭയമായി. നാട്ടിലിറങ്ങിയ വന്യമൃഗം പുലിയാണെന്ന് ഉറപ്പായതോടെ ഇതിനെ അടിയന്തരമായി പിടികൂടാനുള്ള നടപടി വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. പുലിയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ കാമറകള്‍ സജ്ജീകരിച്ചു. എത്രയും വേഗം പുലിയെ കൂട്ടിലാക്കാനുള്ള നീക്കത്തിലാണ് വനം വകുപ്പ് അധികൃതര്‍.
Next Story

RELATED STORIES

Share it