Flash News

പുറത്തായത് മോദിയുടെ ഉറ്റ മിത്രം



ലണ്ടന്‍: ഇസ്രായേല്‍ നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതിന്റെ പേരില്‍ രാജിവച്ച മന്ത്രി പ്രീതി പട്ടേല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉറ്റ മിത്രം.  ഇന്ത്യ യുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ബ്രിട്ടിഷ് ഭരണകൂടം ഇവരെ ഉപയോഗപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബ്രിട്ടിഷ് സന്ദര്‍ശനം വലിയ നയതന്ത്ര വിജയമാക്കിത്തീര്‍ക്കുന്നതിലും ഗുജറാത്തുകാരിയായ പ്രീതി വഹിച്ച പങ്ക് വലുതായിരുന്നു.  ബ്രിട്ടനിലെ പതിനഞ്ച് ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരുടെ തലയെടുപ്പുള്ള പ്രതിനിധിയായിട്ടായിരുന്നു ഇവര്‍ അറിയപ്പെട്ടിരുന്നത്്. നാല്‍പത്തിയഞ്ചു വയസ്സിനുള്ളില്‍ രണ്ട് പ്രധാനമന്ത്രിമാരോടൊപ്പം മൂന്നുവട്ടം മന്ത്രിയായ പ്രീതിയുടെ പാര്‍ട്ടിക്കുള്ളിലെ വളര്‍ച്ച അസൂയാവഹമായിരുന്നു. ഇസ്രായേലുമായി ഇവര്‍ എന്നും നല്ല ബന്ധം പുലര്‍ത്തിയിരുന്നു. പതിറ്റാണ്ടുകള്‍ക്കുമുമ്പു ഗുജറാത്തില്‍നിന്ന് ആഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയിലേക്ക് കുടിയേറിയവരാണ് പ്രീതിയുടെ അമ്മ അഞ്ജനയുടെ കുടുംബം. അച്ഛന്‍ സുശീല്‍ പട്ടേല്‍ ഗുജറാത്തിലെ സാധാരണ കുടുംബത്തില്‍ നിന്നുള്ളയാളാണ്. ബ്രിട്ടനിലെത്തി സുശീല്‍ പട്ടേല്‍ പത്ര ഏജന്റായി. രാഷ്ട്രീയത്തില്‍ തല്‍പരനായ സുശീല്‍ കടുത്ത വംശീയവാദിയായിരുന്നു. മകള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയായിരിക്കെ മുസ്‌ലിം വിരുദ്ധ പാര്‍ട്ടിയായ യുകെ ഇന്‍ഡിപെന്‍ഡന്‍സ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി പ്രാദേശിക തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചു വാര്‍ത്തകളില്‍ നിറഞ്ഞു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ലോക്കല്‍ കൗണ്‍സിലറും അമേരിക്കന്‍ കമ്പനിയില്‍ മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റുമായ അലക്‌സ് സോയറാണ് പ്രീതിയുടെ ഭര്‍ത്താവ്. മറ്റു ജോലികളുള്ള ഭര്‍ത്താവിനെ പ്രതിവര്‍ഷം 25,000 പൗണ്ട് ശമ്പളത്തില്‍ സ്വന്തം ഓഫിസിന്റെ നടത്തിപ്പുകാരനായി പ്രീതി നിയമിച്ചത് അടുത്തിടെ വിവാദമായിരുന്നു.
Next Story

RELATED STORIES

Share it