kasaragod local

പുറത്താക്കിയ മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഡി എം കെ മുഹമ്മദിനെ തിരിച്ചെടുത്ത സംഭവം ; സസ്‌പെന്‍ഷന്‍ പിന്‍വലിച്ച നടപടി കെപിസിസി റദ്ദാക്കി



കാസര്‍കോട്: മുന്‍ മഞ്ചേശ്വരം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഡി എം കെ മുഹമ്മദിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച കെപിസിസിയുടെ നടപടി താല്‍ക്കാലികമായി നിര്‍ത്തി വച്ചതായി കെപിസിസി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കാസര്‍കോട്ടെ ബന്ധപ്പെട്ട നേതാക്കളുടെ യോഗം ഉടന്‍ വിളിച്ച് ചേര്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞമാസം 24നാണ് ഡി എം കെ മുഹമ്മദിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതെന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ഈ തീരുമാനമാണ് നിര്‍ത്തിവച്ചത്. ഇത് സംബന്ധിച്ച് കെപിസിസി സെക്രട്ടറി കെ നീലകണ്ഠന്‍, ഡിസിസി പ്രസിഡന്റ്് ഹക്കീം കുന്നില്‍ എന്നിവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡി എം കെ മുഹമ്മദിനെ തിരിച്ചെടുക്കുന്നതിനെതിരെ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലിനെ അനുകൂലിക്കുന്ന 40 ഡിസിസി ഭാരവാഹികള്‍ കഴിഞ്ഞ ദിവസം രാജിക്കത്ത് നല്‍കിയിരുന്നു. ഇതോടെ കെപിസിസിയുടെ നടപടി വിവാദമാകുകയായിരുന്നു. ജില്ലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ പ്രവര്‍ത്തിച്ച ജില്ലയിലെ മറ്റു പ്രവര്‍ത്തകരെയൊന്നും തിരിച്ചെടുക്കാതെ ഡി എം കെ മുഹമ്മദിനെ മാത്രം തിരിച്ചെടുത്തത് കാസര്‍കോട്ടെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിന് ആക്കം കൂട്ടാന്‍ ഇടയാക്കുകയും ചെയ്തിരുന്നു. ഹക്കീം കുന്നിലിനെ എതിര്‍ക്കുന്ന കെ നീലകണ്ഠനാണ് ഡി എം കെ മുഹമ്മദിനെ തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വൊര്‍ക്കാടി ഡിവിഷനില്‍ നിന്നും ഹര്‍ഷാദിനെതിരെ ഡി എം കെ മുഹമ്മദ് വിമതനായി പാര്‍ട്ടി നേതൃത്വത്തെ ധിക്കരിച്ച് മല്‍സരിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. ഡി എം കെയെ തിരിച്ചെടുത്ത നടപടിക്കെതിരെ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിലിനെ അനുകൂലിക്കുന്ന എ വിഭാഗത്തില്‍പെട്ട ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷാദ് വോര്‍ക്കാടി, സുന്ദര ആരിക്കാടി, കേശവപ്രസാദ് നാണിഹിത്തിലു തുടങ്ങിയവരുടെ നേതൃത്വത്തില്‍ 40 ഓളം പേരാണ്് കോണ്‍ഗ്രസില്‍ നിന്നും രാജിവെക്കുന്നതായി കാണിച്ച് ഡിസിസി പ്രസിഡന്റിന് കത്ത് നല്‍കിയത്. 15ന് കാഞ്ഞങ്ങാട് നടത്താനിരുന്ന ത്രിവര്‍ണ സാഗരം പരിപാടി കോണ്‍ഗ്രസിലെ ഐ വിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. ഇതോടെയാണ് ജില്ലയില്‍ എ, ഐ ഗ്രൂപ്പുകള്‍ വീണ്ടും കൊമ്പുകോര്‍ക്കാന്‍ തുടങ്ങിയത്.  ഐ ഗ്രൂപ്പുമായി സഹകരിച്ച് ഡിസിസി പ്രസിഡന്റിനെതിരെ കരുക്കള്‍ നീക്കാന്‍ എ ഗ്രൂപ്പും തുടങ്ങിയതോടെ ജില്ലയില്‍ ഡിസിസി പ്രസിഡന്റിന് ഒരു പരിപാടി പോലും സംഘടിപ്പിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്.
Next Story

RELATED STORIES

Share it