പുരുഷവേഷംകെട്ടി രണ്ടുവിവാഹം ചെയ്ത യുവതി അറസ്റ്റില്‍

നൈനിറ്റാള്‍: സ്ത്രീധനത്തിനായി പുരുഷവേഷം കെട്ടി രണ്ടു വിവാഹം കഴിച്ച സ്ത്രീ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലെ ധാംപൂര്‍ നിവാസിയായ സ്വീറ്റി സെന്നാണ് അറസ്റ്റിലായത്. 25 വയസ്സുള്ള യുവതി നാലു വര്‍ഷമായി പുരുഷനായി വേഷം മാറി നടക്കുകയായിരുന്നു. ആള്‍മാറാട്ടത്തിനു കേസ് രജിസ്റ്റര്‍ ചെയ്താണ് യുവതിയെ അറസ്റ്റ് ചെയ്തത്.
പുരുഷനാണെന്നു പറഞ്ഞ് ഫേസ്ബുക്കിലൂടെ യുവതികളെ വശീകരിക്കുകയും പിന്നീട് വിവാഹം കഴിക്കുകയുമായിരുന്നു. 2013ലാണ് കൃഷ്ണ സെന്‍ എന്ന പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് സ്വീറ്റി സെന്‍ ഉണ്ടാക്കിയത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഉത്തരാഖണ്ഡിലെ കാമിനി എന്ന യുവതിയെ താന്‍ അലിഗഡിലെ വ്യവസായിയുടെ മകനാണെന്നു പറഞ്ഞു വിശ്വസിപ്പിച്ചു വിവാഹം നടത്തി. തുടര്‍ന്ന് കാമിനിയെ മര്‍ദിക്കുകയും എട്ടര ലക്ഷം രൂപ സ്ത്രീധനം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
രണ്ടു വര്‍ഷത്തിനു ശേഷം നിഷ എന്ന യുവതിയെ വിവാഹം കഴിച്ചു. ഹല്‍ദ്വാനിയില്‍ നിഷയുമൊത്ത് താമസിക്കുമ്പോള്‍ കൃഷ്ണ പുരുഷനല്ലെന്ന് നിഷ തിരിച്ചറിഞ്ഞു. പണം നല്‍കാം എന്ന വാഗ്ദാനത്തിലൂടെ സെന്‍ അവളെ നിശ്ശബ്ദയാക്കാന്‍ ശ്രമിച്ചു. എന്നാല്‍, സ്ത്രീധനം ആവശ്യപ്പെട്ടെന്നും ഉപദ്രവിച്ചെന്നും കാട്ടി യുവതി പോലിസില്‍ പരാതി നല്‍കുകയായിരുന്നു.



Next Story

RELATED STORIES

Share it