Kollam Local

പുനലൂരില്‍ 130 വീടുകള്‍ തകര്‍ന്നു

പുനലൂര്‍:കിഴക്കന്‍ മേഖലയില്‍ മഴക്കെടുതി രൂക്ഷം. 130ഓളം വീടുകള്‍ തകര്‍ന്നു. നൂറ് കണക്കിന് വീടുകളില്‍ വെള്ളം കയറി ജനം ദുരിതത്തിലായി. കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല വില്ലേജുകളിലാണ് വീടുകള്‍ കൂടുതലും തകര്‍ന്നിട്ടുള്ളത്. മരങ്ങള്‍ വീടുകള്‍ക്ക് മുകളില്‍ കടപുഴകി വീണതിനെ തുടര്‍ന്നാണ് മിക്ക വിടുകളും തകര്‍ന്നത്. അഞ്ചല്‍-പുനലൂര്‍ പാതയിലെ അടുക്കളമൂല, ചുടുകട്ട എന്നിവിടങ്ങളിലും പുനലൂര്‍-കാര്യറ റോഡിലെ സര്‍ക്കാര്‍ മുക്കിലും റേഡില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടെങ്കിലും പിന്നീട് ഗതാഗതം പുനസ്ഥാപിച്ചു. തെന്മല ഡാം തുറന്നതോടെ കല്ലടയാര്‍ കരകവിഞ്ഞൊഴുകുകയാണ്. പുനലൂര്‍ വെട്ടിപ്പുഴ ഭാഗത്തെ ചില വ്യാപാര സ്ഥാപനങ്ങളിലും ഒരു സ്വകാര്യ ആശുപത്രിയിലും വെള്ളം കയറി. അടുക്കള മൂല സുജാ ഭവനില്‍ രാമചന്ദ്രന്‍ ആചാരിയുടെ വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കുടുംബത്തെ മാറ്റിപാര്‍പ്പിച്ചു. ഇന്നലെ രാവിലെ മുതല്‍ പുനലൂരില്‍ മഴയ്ക്ക് നേരിയ ശമനമുണ്ടായത് മൂലം കൂടുതല്‍ അനിഷ്ട സംഭവങ്ങളുണ്ടായില്ല. പുനലൂര്‍-തെങ്കാശി കെഎസ്ആര്‍ടിസി സര്‍വീസും പുനരാരംഭിച്ചു. ദേശീയ പാതയില്‍ മരങ്ങള്‍ കടപുഴകി വീണതിനെ തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിയത്. കിഴക്കന്‍ മേഖലയിലെ തോടുകളും മറ്റ് ജലാശയങ്ങളുമെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. കനത്ത മഴയില്‍ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് കിഴക്കന്‍ മേഖലയില്‍ ഉണ്ടായിട്ടുള്ളത്. നാശനഷ്ടങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച് വരുന്നതായി റവന്യൂ അധികൃതര്‍ അറിയിച്ചു. മഴ ഇനിയും രൂക്ഷമായാല്‍ നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കേണ്ടി വരും. ഇതിനുള്ള സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it