പുനരധിവാസ പാക്കേജ് പുനപ്പരിശോധിക്കണം: ലത്തീന്‍ സഭ

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിന്റെ ദുരിതം നേരിടുന്നവര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് പുനപ്പരിശോധിക്കണമെന്ന് ലത്തീന്‍ സഭ ആവശ്യപ്പെട്ടു. ഉത്തരവാദിത്തപ്പെട്ടവരുമായി ആലോചിച്ച് വേണം പാക്കേജ് തയ്യാറാക്കാന്‍. ദുരിതബാധിതരുടെ കാര്യത്തില്‍ സര്‍ക്കാര്‍ നിലവിലെ രീതിയില്‍ മുന്നോട്ടുപോയാല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ ഉണ്ടാവുമെന്നും സഭ മുന്നറിയിപ്പ് നല്‍കി. രക്ഷാപ്രവര്‍ത്തനം ഉള്‍പ്പെടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എല്ലാം തുടക്കം മുതല്‍തന്നെ പരാജയമായിരുന്നു. പുനരധിവാസത്തിന്റെ കാര്യത്തില്‍ ഈ നിലപാട് തുടര്‍ന്നാല്‍ സഭയുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ നടത്തുമെന്നും ലത്തീന്‍ അതിരൂപത വികാരി ജനറല്‍ യൂജിന്‍ പെരേര മുന്നറിയിപ്പു നല്‍കി. അപകടമുണ്ടാവുമെന്ന മുന്നറിയിപ്പ് നല്‍കുന്നതില്‍ അധികാരികളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് ഇത്ര വലിയ ദുരന്തത്തില്‍ എത്തിച്ചത്. സര്‍ക്കാര്‍ കാണിക്കുന്ന പുറംമോടികള്‍ കൊണ്ട് മല്‍സ്യത്തൊഴിലാളികളുടെ വികാരത്തെ അധികനാള്‍ തണുപ്പിച്ച് നിര്‍ത്താന്‍ സാധിക്കില്ലെന്നും യൂജിന്‍ പെരേര അറിയിച്ചു.
Next Story

RELATED STORIES

Share it