Flash News

പുതുവൈപ്പ് ഐഒസി പാചകവാതക ടെര്‍മിനല്‍ പ്ലാന്റ് : പദ്ധതി ഉപേക്ഷിക്കില്ല



തിരുവനന്തപുരം: പുതുവൈപ്പിലെ പാചകവാതക പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുള്ള ആശങ്ക ഗൗരവമായി കാണും. ഐഒസിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ പാലിച്ചല്ലെന്ന പരാതി പരിശോധിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പുതുവൈപ്പ് സമരസമിതി നേതാക്കളുമായും ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയ്ക്കുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാചകവാതക സംഭരണിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഐഒസി സമ്മതിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. തീരുമാനവുമായി സഹകരിക്കുമെന്ന് സമരസമിതിയും അറിയിച്ചിട്ടുണ്ട്. സമരസമിതി ഉന്നയിച്ച മറ്റു പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായാണു കാണുന്നത്. വിദഗ്ധ സമിതിയുടെ ശുപാര്‍ശ അനുസരിച്ചായിരിക്കും തുടര്‍ തീരുമാനങ്ങള്‍. നാടിന്റെ വികസനത്തിന് ഒഴിച്ചുകൂടാനാവാത്ത പദ്ധതികള്‍ നടപ്പാക്കുക എന്നതുതന്നെയാണ് സര്‍ക്കാരിന്റെ നയം. എന്നാല്‍ അത്തരം പദ്ധതികള്‍ക്കിടെ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടായാല്‍ അത് അവഗണിക്കുക എന്നതല്ല സര്‍ക്കാര്‍ നിലപാട്. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇത് ദേശീയതലത്തില്‍ പ്രാധാന്യമുള്ള പദ്ധതിയാണ്. പദ്ധതി ഉപേക്ഷിച്ചാല്‍ സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ക്ക് തുരങ്കം വയ്ക്കാന്‍ പ്രവര്‍ത്തിക്കുന്ന ശക്തികള്‍ക്ക് അത് ഉത്തേജനമായി മാറും. വികസന പദ്ധതികളുടെ കാര്യത്തില്‍ സര്‍ക്കാരിനു വ്യക്തമായ നിലപാടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 2010ല്‍ പദ്ധതി നിര്‍മാണത്തിന് ആവശ്യമായ പാരിസ്ഥിതികാനുമതി ഐഒസിക്ക് ലഭിച്ചിട്ടുണ്ട്. നിലവില്‍ ഇതുവരെ ഈ അനുമതി ആരും ചോദ്യംചെയ്തിട്ടില്ല. പദ്ധതിയെക്കുറിച്ച് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആശങ്കകള്‍ക്ക് പ്രത്യേക അടിസ്ഥാനമൊന്നും കാണുന്നില്ല. പുനരധിവാസം അടക്കമുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. ലോകത്ത് ഇന്നുള്ളതില്‍ വച്ച് ഏറ്റവും മികച്ച സുരക്ഷാ സാങ്കേതിക രൂപകല്‍പനയായ മൗണ്ടന്‍ ബുള്ളറ്റ് മാതൃകയിലാണു പുതുവൈപ്പിലെ പദ്ധതി രൂപീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നിര്‍മാണത്തിന് പൂര്‍ണ പോലിസ് സുരക്ഷയൊരുക്കണമെന്ന് ആലുവ റൂറല്‍ എസ്പി, ഞാറയ്ക്കല്‍ സിഐ, എസ്‌ഐ എന്നിവര്‍ക്ക് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഡിജിപി നിര്‍ദേശം നല്‍കിയിരുന്നു.  ചര്‍ച്ചയില്‍ മുഖ്യമന്ത്രി, വ്യവസായമന്ത്രി എ സി മൊയ്തീന്‍, എസ് ശര്‍മ എംഎല്‍എ, സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ്, സമരസമിതി നേതാക്കള്‍, ഐഒസി പ്രതിനിധികള്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it