Flash News

പുതുവൈപ്പിലെ സമരം : തിരുവനന്തപുരത്ത് ഇന്ന് ചര്‍ച്ച



വൈപ്പിന്‍: പുതുവൈപ്പിലെ സമരവുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ 11ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ സര്‍വകക്ഷിയോഗം നടക്കും. നിയമസഭയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാ നേതാക്കള്‍, വരാപ്പുഴ മെത്രാപോലീത്തയുടെ രണ്ട് പ്രതിനിധികള്‍, സമര സമിതിയുടെ മൂന്ന് പ്രതിനിധികള്‍, പഞ്ചായത്ത് പ്രസിഡന്റ്, പ്രദേശത്തെ പ്രതിനിധീകരിക്കുന്ന ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ഐഒസി പ്രതിനിധികള്‍ എന്നിവരെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്.  സമരസമിതി പ്രതിനിധികളായി ചെയര്‍മാന്‍ കെ ബി ജയഘോഷ്, കണ്‍വീനര്‍ കെ എസ് മുരളി, മാഗഌന്‍ ഫിലോമിന എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. അതേസമയം സംഭരണി നിര്‍മിക്കുന്നതിനെതിരേ പ്രദേശവാസികളുടെ നേതൃത്വത്തി ല്‍ സമരം ശക്തമാക്കിയിരിക്കുകയാണ്. സമരത്തിന് പിന്തുണയുമായി ഇന്നലെ കൂടുതല്‍ നേതാക്കള്‍ എത്തി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കെപിസിസി പ്രസിഡന്റ് എം എം ഹസന്‍, പി സി ജോര്‍ജ് എംഎല്‍എ, സംവിധായകന്‍ വിനയന്‍, ജോസഫ് വാഴയ്ക്കന്‍, ടി ജെ ആഞ്ചലോസ്, ടി ജെ വിനോദ്, പി രാജു തുടങ്ങിയവര്‍ സമരപന്തലിലെത്തി. സമരക്കാര്‍ക്കെതിരേ അതിക്രൂരമായ മര്‍ദനം നടത്തിയ പോലിസുകാര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാവണമെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ പറഞ്ഞു.  പോലിസ് നടപടിയില്‍ പ്രതിഷേധിച്ചും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും ധീവരസഭ വൈപ്പിന്‍ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലും  എസ്എന്‍ഡിപി ഓച്ചന്തുരുത്ത്, പുതുവൈപ്പ് ശാഖകളുടെ നേതൃത്വത്തിലും  സമരപന്തലിലേക്ക് പ്രകടനം നടത്തി.
Next Story

RELATED STORIES

Share it