kasaragod local

പുതുവല്‍സരാഘോഷം: എക്‌സൈസ് കണ്‍ട്രോള്‍ റൂം തുടങ്ങി

കാസര്‍കോട്: പുതുവല്‍സരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലേക്ക് വ്യാജ മദ്യവും ലഹരി ഉല്‍പ്പന്നങ്ങളും വ്യാപകമാകാന്‍ ഇടയുള്ളതിനാല്‍ എക്‌സൈസ് വകുപ്പ് കണ്‍ട്രോള്‍ റൂം തുടങ്ങി. വ്യാജ മദ്യത്തിന്റെ ഉല്‍പാദനവും വിതരണവും തടയുന്നതിന്റെ ഭാഗമായി ചേര്‍ന്ന ജില്ലാതല ജനകീയ കമ്മിറ്റിയുടെ യോഗത്തിലാണ് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എ എന്‍ ഷാ ഇക്കാര്യം അറിയിച്ചത്.
കലക്‌ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ഡപ്യൂട്ടി കലക്ടര്‍ ഡോ. പി കെ ജയശ്രീയുടെ അധ്യക്ഷത വഹിച്ചു. പൊതുജനങ്ങള്‍ക്ക് വ്യാജ മദ്യത്തിന്റെയോ, ലഹരി വസ്തുക്കളുടെയോ വില്‍പ്പനയോ ഉപയോഗമോ സംബന്ധിച്ച പരാതികള്‍ 04994 255332 (എക്‌സൈസ് സിഐ ഓഫിസ്), 04994 256728 (കാസര്‍കോട്), 04672 204125 (കാഞ്ഞങ്ങാട്) എന്നീ നമ്പറുകളില്‍ 24 മണിക്കൂറും വിവരം അറിയിക്കാം. ഒരുമാസത്തിനുള്ളില്‍ എക്‌സൈസ് വകുപ്പ് 338 റെയ്ഡുകള്‍ നടത്തി. 88 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് 53 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 1534 പുകയില ജന്യ ഉല്‍പന്നങ്ങളും നാല് വാഹനങ്ങളും പിടികൂടിയിട്ടുണ്ട്.
233 കള്ള് ഷാപ്പുകള്‍ പരിശോധിച്ചിട്ടുണ്ട്. വ്യാജ മദ്യത്തിന്റെയും പുകയില ഉല്‍പ്പന്നങ്ങളുടെയും ഉപയോഗവും നിര്‍മാണവും തടയാന്‍ എക്‌സൈസ് വകുപ്പ് ബോധവല്‍കരണ ക്ലാസ്സുകള്‍ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി എക്‌സിബിഷനും നടത്തും. പെരിയ ഗവ. പോളി ടെക്‌നിക് കോളജിലും, ജില്ലാ കലോല്‍സവ വേദിയിലും എക്‌സൈസിന്റെ മയക്ക്മരുന്ന് വിരുദ്ധ എക്‌സിബിഷന്‍ ജനുവരിയില്‍ സംഘടിപ്പിക്കും. മറ്റു ആഘോഷ സ്ഥലങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കും.
പുല്ലൂര്‍-പെരിയ, മുളിയാര്‍, ചെമനാട് പഞ്ചായത്തുകളില്‍ വ്യാജ മദ്യത്തിന്റെയും പുകയില ഉല്‍പന്നങ്ങളുടെയും വില്‍പ്പന വര്‍ദ്ധിച്ചുവരുന്നതായി യോഗത്തില്‍ ചൂണ്ടിക്കാട്ടി. കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍ ടി ലക്ഷ്മി, മധൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിവാകര, മുളിയാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ ഗോപാലന്‍, വിവിധ രാഷ്ട്രീയ കക്ഷീ പ്രതിനിധികളായ യു തമ്പാന്‍, എം കുഞ്ഞമ്പു നമ്പ്യാര്‍, എന്‍ ജയരാജ്, കെ ശ്യാം പ്രസാദ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ അബ്ദുല്‍ മജീദ് ചെമ്പരിക്ക സംബന്ധിച്ചു.
Next Story

RELATED STORIES

Share it