Kottayam Local

പുതുതായി നിര്‍മിച്ച ഷോട്ട് വള്ളം നീരണിയുന്നു



എടത്വ: പുതിയതായി നിര്‍മിച്ച ഷോട്ട് വള്ളത്തിന്റെ നീരണിയല്‍  27ന് നടക്കും. വെപ്പുവള്ളങ്ങളില്‍ പ്രസിദ്ധമായ ഷോട്ട് വള്ളത്തിന്റെ നീരണിയിക്കല്‍  രാവിലെ 10.30 ന് പാണ്ടങ്കരി മാലിയില്‍ പുളിക്കത്ര ഭവനാങ്കണത്തില്‍ വച്ചാണ് നടക്കുന്നത്. ജലമേളകളുടെ ചരിത്രത്തില്‍ ഇടം നേടിയ മാലിയില്‍ പുളിക്കത്തറ ഷോട്ട് വള്ളം 1926 ലാണ് ആദ്യമായി നീരണിയുന്നത്. 1952ലെ നെഹ്‌റുട്രോഫി ജലമേളയില്‍ 4.4 മിനിട്ട് എന്ന റിക്കാര്‍ഡ് സമയം കൊണ്ട് തുഴഞ്ഞെത്തി ചരിത്രം കുറിച്ചു. പുളിക്കത്തറ വള്ളം എന്ന പേരില്‍ നെഹ്‌റു ട്രോഫിയില്‍ പങ്കെടുത്ത വള്ളത്തിന്റെ കുതിപ്പ് കണ്ട് അന്നത്തെ മുഖ്യ അഥിതിയായിരുന്ന പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു വള്ളത്തെ നോക്കി ഷോട്ട് എന്ന് വിളിച്ചപ്പോള്‍ ഇരുകരകളില്‍ നിന്നും ആവേശം ഉയര്‍ന്നു. പിന്നീടാണ് പുളിക്കിത്തറ വള്ളം ഷോട്ട് എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. വള്ളത്തിന്റെ ആദ്യശില്പി  നീലകണ്ഠന്‍ ആശാരിയായിരുന്നെങ്കിലും 1960ല്‍ കോയില്‍മുക്ക് നാരായണന്‍ ആശാരിയും, 2001ല്‍ ഉമാ മഹേശ്വരനും വള്ളം പുതുക്കി പണിതാണ് നീറ്റിലിറക്കിയത്.മുപ്പത്തിയഞ്ചേകാല്‍ കോല്‍ നീളവും, 40 അംഗുലം വീതിയും, 53 തുഴച്ചില്‍ക്കാരും, മൂന്ന് നിലക്കാരും, നാല് പങ്കായക്കാരും ഉള്‍പ്പെടെ 60 പേര്‍ക്ക് തുഴയാവുന്ന തരത്തിലാണ് വള്ളത്തിന്റെ ഘടന. നീരണിയിക്കല്‍ ചടങ്ങിന് മുന്നോടിയായി നാളെ ഉച്ചയ്ക്ക് 2.30ന് സ്വാഗത സംഘ രൂപീകരണ യോഗം നടക്കും. 27 ന് നടക്കുന്ന നീരണിയിക്കല്‍ ചടങ്ങില്‍ നാരായണന്‍ ആശാരിയേയും, ഷോട്ട് വള്ളത്തിലെ മുന്‍ തുഴച്ചില്‍ക്കാരേയും ആദരിക്കും. ചടങ്ങിന് ശേഷം എടത്വ സെന്റ് ജോര്‍ജ് പള്ളി കടവിലേക്ക് ആദ്യ തുഴച്ചില്‍ നടത്തും. വഞ്ചിപ്പാട്ടിന്റേയും വാദ്യഘോഷത്തിന്റേയും അകമ്പടിയോടെ എടത്വ പൗരാവലിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. തുടര്‍ന്ന് വള്ള സദ്യയും നടത്തുമെന്ന് റജി എം വര്‍ഗീസും ഡോ. ജോണ്‍സണ്‍ വി ഇടിക്കുളയും അറിയിച്ചു.
Next Story

RELATED STORIES

Share it