kozhikode local

പുതുതലമുറയുടെ കുട്ടിക്കാലത്തുനിന്നുകൊണ്ടാവണം ബാലസാഹിത്യം രചിക്കേണ്ടത്: ഡോ. കെ ശ്രീകുമാര്‍

കോഴിക്കോട്: എഴുത്തുകാരുടെ കുട്ടിക്കാലത്തുനിന്നും ഇറങ്ങിവന്ന് ഇന്നത്തെ കുട്ടികളുടെ കുട്ടിക്കാലത്തു നിന്നുകൊണ്ടാകണം ബാലസാഹിത്യരചന നിര്‍വഹിക്കേണ്ടതെന്ന് എഴുത്തുകാരന്‍ ഡോ. കെ ശ്രീകുമാര്‍ . സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് പ്രീപ്രൈമറി-പ്രൈമറി കുട്ടികള്‍ക്കുവേണ്ടി എഴുതുന്നവര്‍ക്കായി കോഴിക്കോടു നടത്തുന്ന ബാലസാഹിത്യശില്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുനരാഖ്യാനം നിര്‍വഹിക്കുമ്പോള്‍ എഴുത്തുകാരുടെ സ്വാതന്ത്ര്യം പരമാവധി പ്രയോജനപ്പെടുത്തണം. കേരളത്തിന്റെ പശ്ചാത്തലത്തിലേക്ക് മറ്റു ഭാഷയിലെ കൃതികളെ പുനരാഖ്യാനം നിര്‍വഹിച്ചാല്‍ കൂടുതല്‍ ആസ്വാദ്യകരമാകും-അദ്ദേഹം പറഞ്ഞു. കുട്ടികള്‍ക്കുവേണ്ടിയുള്ള ശാസ്ത്രസാഹിത്യത്തെക്കുറിച്ച് പ്രൊഫ. കെ പാപ്പൂട്ടി ക്യംപ് അംഗങ്ങളോട് സംവദിച്ചു.
ശാസ്ത്രം പഠിപ്പിക്കലല്ല, ശാസ്ത്രത്തോട് ഇഷ്ടം ജനിപ്പിക്കലാണ് ബാലശാസ്ത്രസാഹിത്യത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കലയും സാഹിത്യവും വളരാതെ ശാസ്ത്രംമാത്രം വളര്‍ന്നതുകൊണ്ട് കാര്യമില്ല. കലയ്ക്കും സാഹിത്യത്തിനുമൊപ്പംവേണം ശാസ്ത്രം വളരേണ്ടത്.
കുട്ടികളില്‍ ചോദ്യം ചെയ്യാനുള്ള തന്റേടമുണ്ടാക്കല്‍ നല്ല ബാലസാഹിത്യത്തിന്റെ ലക്ഷണമാണ്-അദ്ദേഹം പറഞ്ഞു. ക്യാംപ് അംഗങ്ങളുടെ സൃഷ്ടികള്‍ ശില്പശാലയില്‍ അവതരിപ്പിച്ചു. ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആര്‍ മധു നേതൃത്വം നല്‍കി.
അന്‍പതോളം പേരാണ് ക്യാംപില്‍ പങ്കെടുക്കുന്നത്. പ്രീ-പ്രൈമറി, പ്രൈമറി തലത്തിലുള്ള ബാലസാഹിത്യപുസ്തകങ്ങള്‍ക്ക് ക്യാംപില്‍ രൂപം നല്‍കും. ബാലസാഹിത്യ രചനയുടെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ശില്പശാല ഇന്ന് സമാപിക്കും.  ഉച്ചയ്ക്കുശേഷം നടക്കുന്ന സമാപനസമ്മേളനം സാഹിത്യകാരന്‍ യു കെ കുമാരന്‍ ഉദ്ഘാടനം ചെയ്യും.
Next Story

RELATED STORIES

Share it