palakkad local

പുതുക്കുടി ലിഫ്റ്റ് ഇറിഗേഷന്‍ യാഥാര്‍ഥ്യമാവുന്നു

മണ്ണാര്‍ക്കാട്: രണ്ട് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് വിരാമം കുറിച്ച് കുമരംപുത്തൂര്‍ പഞ്ചായത്തിലെ പുതുക്കുടി ലിഫ്റ്റ് ഇറിഗേഷന്‍ യാഥാര്‍ഥ്യമാകുന്നു. കുമരംപുത്തൂര്‍, പയ്യനെടം, വെളളപ്പാടം, പള്ളിക്കുന്ന് മേഖലയിലെ പാടശേഖരങ്ങളിലെ ജലസേചനത്തിനും പ്രദേശത്തെ കുടിവെള്ളത്തിനും ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചത്. ഇതിനായി കുന്തിപ്പുഴ പുതുക്കുടി മുണ്ടിയംപ്ലാവ് കടവില്‍ മോട്ടോര്‍ പുരയും മോട്ടോറുകളും സ്ഥാപിച്ചു. ഇവിടെ നിന്ന് വെട്ടുള്ളിപ്പാടം തോട്ടിലേക്ക് വെള്ളം അടിച്ച് തോടുവഴി പാടശേഖരങ്ങളിലെത്തിക്കുന്നതാണ് പദ്ധതി. ഇതിനുള്ള പൈപ്പുകളും സ്ഥാപിച്ചിരുന്നു. പദ്ധതിക്കു വേണ്ടി ത്രീഫേസ് വൈദ്യുതിയും ട്രന്‍സ്‌ഫോര്‍മറും സ്ഥാപിച്ചു. വൈദ്യുതി കണക്ഷന്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തും പഞ്ചായത്തും തമ്മില്‍ അന്നുണ്ടായ തര്‍ക്കമാണ് പദ്ധതി ലക്ഷ്യത്തിലെത്താതെ പോയത്. 65 ലക്ഷം രൂപ ചിലവഴിച്ചാണ് ഇത്രയും പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. പദ്ധതി പ്രാവര്‍ത്തികമാക്കണമെന്ന ലക്ഷ്യത്തോടെ പദ്ധതി പൂര്‍ത്തിയാക്കാനായി ജില്ലാ പഞ്ചായത്തില്‍ നിന്ന് അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ച് അറ്റകുറ്റപ്പണി നടത്താനും വൈദ്യുതി കണക്ഷന്‍ എടുക്കുന്നതിനുമുള്ള പദ്ധതിക്ക് രൂപം നല്‍കി. ഇതിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഡിപിസി അംഗീകാരം നേടി. 15 ലക്ഷം രൂപ ചിലവില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിച്ച മോട്ടോറുകള്‍ അറ്റകുറ്റപണി നടത്തുകയും വൈദ്യുതി കണക്ഷന്‍ എടുക്കുന്നതിന് നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. പൈപ്പുകളുടെ അറ്റകുറ്റ പണികളും തീര്‍ത്തു. രണ്ട് പതിറ്റാണ്ടിലെ കാത്തിരിപ്പിനു ശേഷം പദ്ധതി യാഥാര്‍ഥ്യമായി.
Next Story

RELATED STORIES

Share it