Flash News

പുതിയ തന്ത്രവുമായി ബിജെപി



അഹ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ കോഴ വാഗ്ദാനം ചെയ്തു പട്ടേല്‍ സമുദായത്തെ സ്വാധീനിക്കാനുള്ള ശ്രമം എട്ടു നിലയില്‍പൊട്ടിയതോടെ പുതിയ തന്ത്രവുമായി ബിജെപി. കോണ്‍ഗ്രസ് നേതാവും എംപിയുമായ അഹ്മദ് പട്ടേലിന് ഐഎസ് ബന്ധമുണ്ടെന്നാണ് ബിജെപി ആരോപണം. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയാണ് പട്ടേലിന് ഐഎസ് ബന്ധമുണ്ടെന്ന് ആരോപിച്ചത്. ഇതിലൂടെ കോണ്‍ഗ്രസ്സിനെ പ്രതിസന്ധിയിലാക്കാമെന്നും ബിജെപി കണക്കുകൂട്ടുന്നു. അഹ്മദ് പട്ടേല്‍ ട്രസ്റ്റി ആയിരുന്ന ഭാറൂച്ചിലെ സര്‍ദാര്‍ പട്ടേല്‍ ആശുപത്രിയിലെ മുന്‍ ജീവനക്കാരനെ ഐഎസ് ബന്ധം ആരോപിച്ച് ഭീകരവാദ വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ മറപറ്റിയാണു പട്ടേലിനെതിരേ ബിജെപി ആരോപണമുന്നയിച്ചത്. ഐഎസ് ബന്ധമുള്ള അഹ്മദ് പട്ടേല്‍ എംപി സ്ഥാനം രാജിവയ്ക്കണമെന്നും രൂപാണി ആവശ്യപ്പെട്ടു. തീവ്രവാദിയെ’അറസ്റ്റ് ചെയ്തത് അഹ്മദ് പട്ടേല്‍ നടത്തുന്ന ആശുപത്രിയില്‍ നിന്നാണ്. പട്ടേല്‍ ട്രസ്റ്റി സ്ഥാനം രാജി വച്ചത് എന്തിനാണെന്ന് ഇപ്പോള്‍ വ്യക്തമാവുകയാണ്. ഇങ്ങനെയൊരാളെ ആശുപത്രിയിലെ ജീവനക്കാരനായി വച്ചതു സംബന്ധിച്ച് പട്ടേല്‍ വിശദീകരിക്കണമെന്നും രൂപാണി പറഞ്ഞു. എന്നാല്‍, ആരോപണം തള്ളിയ പട്ടേല്‍ ഗുജറാത്തിലെ ജനങ്ങളെ മതത്തിന്റെ പേരില്‍ വിഭജിക്കാനുള്ള ബിജെപിയുടെ ശ്രമം അംഗീകരിക്കില്ലെന്നു വ്യക്തമാക്കി. അഹ്മദ് പട്ടേലിനോ,  കുടുംബത്തിനോ ആശുപത്രി നടത്തിപ്പുമായി ബന്ധമില്ലെന്ന് ആശുപത്രി അധികൃതരും വ്യക്തമാക്കി.അതേസമയം, ഐഎസ് ബന്ധത്തിന്റെ പേരില്‍ അഹ്മദ് പട്ടേല്‍ രാജിവയ്ക്കണമെന്ന ബിജെപി ആവശ്യം കോണ്‍ഗ്രസ് തള്ളി. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയഭീതി പൂണ്ട ബിജെപി നേതൃത്വം പൈശാചിക ഗൂഢാലോചനയെ’ശരണം പ്രാപിക്കുകയാണെന്നും കോണ്‍ഗ്രസ് മുഖ്യവക്താവ് റണ്‍ദീപ് സിങ് സുര്‍ജെവാല ആരോപിച്ചു.
Next Story

RELATED STORIES

Share it