ernakulam local

പുതിയ ഗതാഗത സംവിധാനം; വിശ്വാസികള്‍ വലഞ്ഞു

ആലുവ: നഗരത്തില്‍ ഏര്‍പെടുത്തിയ പുതിയ ഗതാഗത സംവിധാനം വിശ്വാസികളെ വലച്ചു. ഇന്നലെ ജുമുഅ നമസ്‌കാരത്തിനായി ആലുവ ടൗണ്‍ മസ്ജിദിലെത്തിയ നൂറുകണക്കിന് വിശ്വാസികളാണ് പുതിയ ട്രാഫിക് സംവിധാനം മൂലം ദുരിതത്തിലായത്.
പള്ളിക്ക് തൊട്ടു സമീപത്തുള്ള സര്‍വീസ് റോഡുകളില്‍ നിന്നെത്തിയവരെപ്പോലും പള്ളിയിലേക്ക് കടത്തിവിടാതെ ടൗണ്‍ ചുറ്റിച്ചാണ് പോലിസ് പള്ളിയിലെത്തുവാന്‍ അനുവദിച്ചത്. തിരിച്ചു പോവുമ്പോഴും ഇതേ അവസ്ഥ തന്നെയായിരുന്നു പോലിസ് അവലംബിച്ചത്. കൂടാതെ പള്ളിയിലേക്കെത്തിയ കാല്‍നടയാത്രക്കാരായ സ്ത്രീകള്‍ക്കും വൃദ്ധര്‍ക്കും റോഡ് മുറിച്ചുകടക്കുവാനും ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. 40 വര്‍ഷം മുന്‍പ് നടന്ന റോഡ് വീതി കൂട്ടല്‍ നടപടിക്ക് നഗരത്തില്‍ ഈ മസ്ജിദ് മാത്രമാണ് പൂര്‍ണ പിന്തുണയും സഹകരണവും നല്‍കിയത്.
റോഡിന്റെ ഇരുഭാഗത്ത് നിന്നുള്ള പള്ളിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് റോഡ് നിര്‍മാണത്തിന്റെ അന്ന് സൗജന്യമായി വിട്ടുകൊടുത്തത്. നഗരത്തില്‍ വീതിയുള്ള ഏക റോഡും ഇത് മാത്രമാണ്. ഗതാഗത സംവിധാനത്തിന്റെ മറവില്‍ വിശ്വാസികളെ ദുരിതത്തിലാക്കുവാന്‍ അനുവദിക്കില്ലെന്നും ജുമുഅ ദിവസം വിശ്വാസികള്‍ക്ക് പള്ളിയിലേക്കെത്തിച്ചേരുവാന്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കണമെന്നും ആലുവ മുസ്‌ലിം അസോസിയേഷന്‍ യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് അബ്ദുല്‍ഖാദര്‍ പേരയില്‍ അധ്യക്ഷത വഹിച്ചു. അമീര്‍ മാര്‍ക്കറ്റ്, സഗീര്‍ പട്ടേരിപ്പുറം, പി എ അബ്ദുല്‍ സമദ്, അന്‍സില്‍, ഷെമീര്‍ പതുവന പങ്കെടുത്തു.
Next Story

RELATED STORIES

Share it