palakkad local

പുതിയ അധ്യയന വര്‍ഷത്തിന് ഇന്ന് തുടക്കം



പാലക്കാട്: വേനലവധിക്ക് വിട നല്‍കി പുതിയ സ്‌കൂള്‍ അധ്യയന വര്‍ഷത്തിന് ഇന്ന് (ജൂണ്‍ ഒന്ന്) തുടക്കം. പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിദ്യാഭ്യാസ വകുപ്പ് പുതിയ അധ്യയന വര്‍ഷത്തിന് തുടക്കമിടുന്നത്. അന്താരാഷ്ട്ര നിലവാരമുള്ള ബോധന രീതികള്‍, ഹൈടെക്ക് ക്ലാസ് മുറികള്‍, ജൈവവൈവിധ്യ ഉദ്യാനങ്ങള്‍ എന്നിവ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ സജ്ജമാക്കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കായി മികച്ച പാശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കിയാണ് ജില്ലയിലെ പൊതുവിദ്യാലയങ്ങള്‍ ഇത്തവണ വിദ്യാര്‍ഥികളെ സ്വീകരിക്കുക. മുഴുവന്‍ ക്ലാസ് മുറികളും സ്മാര്‍ട്ട് ക്ലാസുകളാക്കി സമ്പൂര്‍ണ്ണ ഐടി അധിഷ്ഠിത പഠനത്തിന് മുന്‍ഗണന നല്‍കുന്ന കയിലിയാട് എഎല്‍പി സ്‌കൂളില്‍ ഇന്ന് (ജൂണ്‍ ഒന്ന്) രാവിലെ 10ന് നടക്കുന്ന ജില്ലാതല പ്രവേശനോല്‍സവം എം ബി രാജേഷ് എംപി ഉദ്ഘാടനം ചെയ്യും. പരിപാടിയോടനുബന്ധിച്ച് പുതിയ സ്‌കൂള്‍ കെട്ടിടവും വിദ്യാര്‍ഥികള്‍ക്ക് സമര്‍പ്പിക്കും. പി കെ ശശി എംഎല്‍എ അധ്യക്ഷനാകുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ശാന്തകുമാരി സ്മാര്‍ട്ട് ക്ലാസ് റൂം ഉദ്ഘാടനം ചെയ്യും. പുതിയ സ്‌കൂള്‍ ബസിന്റെ ഫഌഗ് ഓഫ് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി കെ സുധാകരനും ജൈവ വൈവിധ്യ പാര്‍ക്കിന്റെ ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ ബിനുമോളും നിര്‍വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ശിവരാമന്‍, ചളവറ ഗ്രാപ്പഞ്ചായത്ത് പ്രസിഡന്റ് പി വല്‍സല, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്‍, ഡിഡിഇ എം ആര്‍ രോഹിണി, എസ്എസ്എ സംസ്ഥാന പ്രോഗ്രാം ഓഫിസര്‍ എം സേതുമാധവന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it