Pravasi

പുതിയ അധ്യയന വര്‍ഷം : ഏഴ് സ്വകാര്യ സ്‌കൂളുകള്‍ക്ക് ലൈസന്‍സ് ലഭിച്ചു



ദോഹ: അടുത്ത അധ്യയന വര്‍ഷത്തില്‍ ഏഴ് സ്വകാര്യ സ്‌കൂളുകള്‍ പുതുതായി തുറക്കുമെന്ന് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ പ്രൈവറ്റ് സ്‌കൂള്‍ ലൈസന്‍സിങ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഹമദ് അല്‍ഗാലി അല്‍ശര്‍ഖിനോട് വെളിപ്പെടുത്തി. സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തനം ആരംഭിക്കാനുള്ള ലൈസന്‍സുകള്‍ നല്‍കിക്കഴിഞ്ഞു. ബ്രിട്ടീഷ് പാഠ്യപദ്ധതിയിലുള്ള കിന്റര്‍ഗാര്‍ട്ടന്‍, രണ്ട് സ്‌കൂളുകള്‍, ഇന്ത്യന്‍ പാഠ്യപദ്ധതിയിലുള്ള രണ്ട് കിന്റര്‍ഗാര്‍ട്ടനുകള്‍, ഒരു സ്‌കൂള്‍, അമേരിക്കന്‍ പാഠ്യപദ്ധതിയിലുള്ള കിന്റര്‍ഗാര്‍ട്ടന്‍ എന്നിവയ്ക്കാണ് പുതിയ അധ്യയന വര്‍ഷത്തില്‍ പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുന്നത്.അടുത്ത അധ്യയന വര്‍ഷത്തില്‍ പ്രവര്‍ത്തനം ആരംഭിക്കാനുദ്ദേശിക്കുന്ന മറ്റ് സ്‌കൂളുകള്‍ക്ക് ലൈസന്‍സ് നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ജൂണ്‍ 30 വരെ സമയമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആവശ്യമായ വിസ്തീര്‍ണത്തില്‍ കെട്ടിടം ലഭ്യമാക്കുക, സുരക്ഷാ നടപടികള്‍ പൂര്‍ത്തീകരിക്കുക, ഗതാഗത തിരക്കില്‍ നിന്ന് ഒഴിഞ്ഞ സ്ഥലത്തായിരിക്കണം കെട്ടിടം എന്നിവയാണ് ലൈസന്‍സ് ലഭിക്കാന്‍ പൂര്‍ത്തിയാക്കേണ്ട അന്തിമ നടപടിക്രമങ്ങള്‍. ഈ നടപടികളുടെ പൂര്‍ണത ബന്ധപ്പെട്ട വകുപ്പുകള്‍ വിലയിരുത്തിയതിനു ശേഷം മാത്രമേ ലൈസന്‍സ് അനുവദിക്കുകയുള്ളൂ.പുതിയ സ്‌കൂളുകളുമായി ബന്ധപ്പെട്ട് 70 അപേക്ഷകളാണ് വിദ്യാഭ്യാസ മന്ത്രാലയത്തിനു ലഭിച്ചതെന്ന് ഗാലി വ്യക്തമാക്കി. ബ്രിട്ടീഷ്, ഇന്റര്‍നാഷനല്‍, അമേരിക്ക, തുനീസ്യ, ഫ്രഞ്ച്, കാനഡ, ലബ്‌നാന്‍, ഈജിപ്ത്, ഇന്ത്യ, ഖത്തര്‍ പാഠ്യപദ്ധതികളനുസരിച്ചുള്ള സ്‌കൂളുകള്‍ക്കാണ് അപേക്ഷകള്‍ ലഭിച്ചത്. ലൈസന്‍സ് നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ഏഴ് മാസം വരെ അപേക്ഷകര്‍ക്ക് സമയം നല്‍കിയതായി അദ്ദേഹം വിശദമാക്കി.
Next Story

RELATED STORIES

Share it