Alappuzha local

പുഞ്ചകൃഷി പ്രതിസന്ധിയിലേക്ക്‌

രാമങ്കരി: കായല്‍ മേഖലയില്‍ കുട്ടന്‍കുത്ത് എന്നറിയപ്പെടുന്ന കീടരോഗം വ്യാപകമാവാന്‍ തുടങ്ങിയതോടെ ആയിരക്കണക്കിന് ഏക്കറുകളിലെ പുഞ്ചകൃഷി വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു.
400 ഏക്കറോളം വരുന്ന തെക്കേ മതികായല്‍, 350 ഏക്കറിന് അടുത്തുവരുന്ന വടക്കേ മതികായല്‍ എന്നിവിടങ്ങളിലാണ് കീടബാധ ആദ്യം പ്രകടമായതും പിന്നീട് രൂക്ഷമായിരിക്കൊണ്ടിരിക്കുന്നതെന്നുമാണ് കര്‍ഷകര്‍ പറയുന്നത്.
തെക്കേ മതികായലില്‍ മുപ്പത് മുതല്‍ മുപ്പത്തേഴ് ദിവസവും വടക്കേ മതികായലില്‍ ഇരുപത് മുതല്‍ ഇരുപത്തഞ്ച് ദിവസത്തെയും  പ്രായമെത്തിയ നെല്‍ച്ചെടികളിലാണ് കീടബാധ കണ്ടുതുടങ്ങിയിരിക്കുന്നത്.
കൃഷി രക്ഷിച്ചെടുക്കെണമെങ്കില്‍ കുറഞ്ഞത് ഒരേക്കറിന് 1500 രൂപയ്ക്കടുത്ത് ചെലവ് വേണ്ടിവരുമെന്ന് കര്‍ഷകര്‍ പറയുന്നു. കൃഷി ഇറക്കിയ ഘട്ടത്തില്‍ പതിനായിരക്കണക്കിന് രൂപ ചെലവിട്ടിരുന്നു.
തൊട്ടുപിന്നാലെ കൃഷി രക്ഷിച്ചെടുക്കുന്നതിന് വീണ്ടും ആയിരക്കണക്കിന് രൂപ കൂടി ചെലവിടേണ്ടി വന്നതോടെ ആശങ്കയിലാണ് കര്‍ഷകര്‍. തെക്കേമതികായലില്‍ വെള്ളം വറ്റിച്ച മുറയ്ക്ക് തന്നെ വിതയിറക്കുകയായിരുന്നു.
ഇതിനും പുറമെ ഇരണ്ട ശല്യം കൂടി ആയതോടെ നെല്‍ച്ചെടികളുടെ ചുവട്  നന്നേ കുറയുന്നതിനു കാരണമായിട്ടുണ്ട്. ഇതോടെ ആദ്യ പറിച്ചുനടീലിന് ഞാറ് തികയാത്ത സാഹചര്യമാണ്. ഇതിനും പുറമെ കീടബാധ കൂടി ഉണ്ടായത് ഇക്കുറി കായല്‍ മേഖലയിലെ പുഞ്ചകൃഷി തന്നെ കടുത്ത വെല്ലുവിളി നേരിടുന്നതിന് കാരണമാകുന്നതായും പറയുന്നു.
തെക്കേ മതികായലില്‍ കുട്ടന്‍കുത്തിന് പുറകെ ഓലമുറിക്കല്‍ എന്ന രോഗവും കണ്ടുതുടങ്ങിയതായും കര്‍ഷകര്‍ പറഞ്ഞു.
കീടബാധയും മറ്റും നിയന്ത്രിച്ചു നിര്‍ത്തുന്നതിന് ആവശ്യമായ നടപടി കൃഷി വകുപ്പ് അടിയന്തരമായി സ്വീകരിക്കാത്ത പക്ഷം കായല്‍ മേഖലയില്‍ പുഞ്ചകൃഷി ഇക്കുറി വന്‍ നഷ്ടത്തിനു കാരണമായേക്കും.
Next Story

RELATED STORIES

Share it