പി സി ജോര്‍ജ് ഹാജരായില്ല; തെളിവെടുപ്പ് 15ലേക്കു മാറ്റി

തിരുവനന്തപുരം: കൂറുമാറ്റ നിരോധന നിയമപ്രകാരം പി സി ജോര്‍ജിനെ അയോഗ്യനാക്കണമെന്ന കേരളാ കോണ്‍ഗ്രസ്-എമ്മിന്റെ പരാതിയിലെ അന്തിമ തെളിവെടുപ്പ് മാറ്റിവച്ചു. പരാതി തീര്‍പ്പാക്കും മുമ്പ് മുഖ്യമന്ത്രിയടക്കമുള്ളവരെ സാക്ഷിയാക്കി വിസ്തരിക്കണമെന്ന ജോര്‍ജിന്റെ അപേക്ഷ പരിഗണിച്ചാണ് സ്പീക്കര്‍ ഈ മാസം 15ലേക്ക് തെളിവെടുപ്പ് മാറ്റിവച്ചത്. അന്നേദിവസം ഉച്ചയ്ക്ക് 2 മണിക്ക് വിസ്താരത്തിനു ഹാജരാവണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി. പ്രസിഡന്റ് വി എം സുധീരന്‍, എം.എല്‍.എമാരായ വി ഡി സതീശന്‍, ടി എന്‍ പ്രതാപന്‍, വി എസ് സുനില്‍കുമാര്‍, എ പ്രദീപ്കുമാര്‍, കേരളാ കോണ്‍ഗ്രസ് സെക്കുലര്‍ നേതാവ് ടി എസ് ജോണ്‍, നിയമസഭാ സെക്രട്ടറി എന്നിവര്‍ക്ക് സ്പീക്കര്‍ നോട്ടീസ് നല്‍കും.

15നു രാവിലെ 10 മണിക്ക് അന്തിമ തെളിവെടുപ്പിനു ഹാജരാവണമെന്നു കാട്ടി പി സി ജോര്‍ജിനും സ്പീക്കര്‍ നോട്ടീസ് നല്‍കും. ഇന്നലെ നടത്താന്‍ നിശ്ചയിച്ചിരുന്ന അന്തിമ തെളിവെടുപ്പിനു ഹാജരാകാതെയാണ് ജോര്‍ജ് പുതിയ അപേക്ഷ നല്‍കിയത്. അതേസമയം, കേസ് ബോധപൂര്‍വം നീട്ടിക്കൊണ്ടുപോകാനാണ് പി സി ജോര്‍ജ് ശ്രമിക്കുന്നതെന്ന് സര്‍ക്കാര്‍ ചീഫ്‌വിപ്പും പരാതിക്കാരനുമായ തോമസ് ഉണ്ണിയാടന്‍ ആരോപിച്ചു. ജോര്‍ജിന്റെ കാലാവധി അവസാനിക്കുന്നതുവരെ കേസ് വൈകിക്കാനാണ് നീക്കമെന്നും അത് ശരിയല്ലെന്നും ഉണ്ണിയാടന്‍ കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it