പി ശശി ഉടനെ പാര്‍ട്ടിയില്‍ തിരിച്ചെത്തിയേക്കും

കണ്ണൂര്‍: സ്വഭാവദൂഷ്യ ആരോപണത്തെ തുടര്‍ന്ന് സിപിഎം പുറത്താക്കിയ കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി പി ശശി ഉടനെ പാര്‍ട്ടിയില്‍ തിരിച്ചെത്തിയേക്കും. കണ്ണൂരിലെ പാര്‍ട്ടിയില്‍ രൂപപ്പെട്ട പുതിയ രാഷ്ട്രീയ ധ്രുവീകരണമാണ് ശശിയുടെ തിരിച്ചുവരവിനു കളമൊരുക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കഴിഞ്ഞ ദിവസം പി ശശിയുമായി കൂടിക്കാഴ്ച നടത്തിയതായാണ് വിവരം.
വ്യക്തിപൂജ വിവാദത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ കടുത്ത വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്നിട്ടും കണ്ണൂരിലെ പാര്‍ട്ടി ഘടകങ്ങള്‍ പി ജയരാജനു പിന്നാലെയാണ്. ഇതാണ് പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും ജില്ലാ സെക്രട്ടറിയായി മൂന്നാം തവണയും ജയരാജനെ നിയമിക്കാന്‍ സംസ്ഥാന നേതൃത്വത്തെ നിര്‍ബന്ധിതമാക്കിയത്. പി ജയരാജന്റെ അപ്രമാദിത്വത്തിനു തടയിടാന്‍ ജില്ലയില്‍ പകരക്കാരനില്ല എന്നതാണ് നിലവിലെ അവസ്ഥ. ഇതു മറികടക്കുക കൂടിയാണ് പി ശശിയെ തിരിച്ചുകൊണ്ടുവരുന്നതിലൂടെ ഒരു വിഭാഗം ലക്ഷ്യമിടുന്നത്. ഒരുകാലത്ത് കണ്ണൂരില്‍ സിപിഎമ്മിന്റെ മുഖങ്ങളില്‍ ഒന്നായിരുന്ന പി ശശി ലൈംഗികാരോപണത്തെ തുടര്‍ന്ന് സജീവരാഷ്ട്രീയത്തില്‍ നിന്നു പിന്‍വാങ്ങുകയായിരുന്നു. പിന്നീട് അഭിഭാഷക വൃത്തിയിലേക്ക് തിരിഞ്ഞ് സ്വയം രാഷ്ട്രീയ ജീവിതത്തിന് അവധി നല്‍കുകയായിരുന്നു ശശി. എന്നാല്‍, ലൈംഗികാരോപണം വ്യാജകേസാണെന്ന് കോടതി ഈയിടെ വിധിച്ചിരുന്നു. ഇതാണ് പാര്‍ട്ടി പുനഃപ്രവേശത്തിന് അദ്ദേഹത്തിന് അനുകൂലമാവുന്ന പ്രധാന ഘടകം.
ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ഭാര്യയെ നീലേശ്വരം പാലായിലെ പ്രകൃതിചികില്‍സാ കേന്ദ്രത്തില്‍ വച്ച് പീഡിപ്പിച്ചെന്നായിരുന്നു പി ശശിക്കെതിരായ കേസ്. ക്രൈം എഡിറ്റര്‍ ടി പി നന്ദകുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. തുടരന്വേഷണത്തില്‍ ശശി കുറ്റക്കാരനാണെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് കോടതി വിധിച്ചു.
നിലവിലെ സാഹചര്യത്തില്‍ ഭരണപരിജ്ഞാനവും രാഷ്ട്രീയപാടവവും ഒത്തിണങ്ങുന്ന ശശിയുടെ അനുഭവ മികവ് പാര്‍ട്ടിക്കു വേണ്ടി പ്രയോജനപ്പെടുത്തണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായം.
Next Story

RELATED STORIES

Share it