Flash News

പി പി തങ്കച്ചന്റെ വീട്ടില്‍ ചേര്‍ന്ന കോണ്‍ഗ്രസ് യോഗത്തില്‍ സംഘര്‍ഷം



പെരുമ്പാവൂര്‍: യുഡിഎഫ് ക ണ്‍വീനര്‍ പി പി തങ്കച്ചന്റെ അധ്യക്ഷതയില്‍ സ്വവസതിയില്‍ ചേര്‍ന്ന പെരുമ്പാവൂര്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ചേരിതിരിഞ്ഞു കസേരയേറും കൈയാങ്കളിയും. പെരുമ്പാവൂര്‍ നഗരസഭാ പ്രതിപക്ഷ നേതാവ് ബിജു ജോണ്‍ ജേക്കബിനുള്‍പ്പെടെ നിരവധി പേര്‍ക്ക് മര്‍ദനമേറ്റു. ഇടതുപക്ഷം ഭരിക്കുന്ന പെരുമ്പാവൂര്‍ നഗരസഭയില്‍ കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവുള്‍പ്പെടെയുള്ള അംഗങ്ങളുടെ ഇടപെടല്‍ ജനവിരുദ്ധമായ പല പ്രശ്‌നങ്ങള്‍ക്കും കാരണമാവുന്നു. കൂടാതെ, പല വിഷയത്തിലും നേതാക്കള്‍ ഇടതുപക്ഷാനുകൂല നിലപാടെടുക്കുകയാണ്. കോണ്‍ഗ്രസ് പാര്‍ട്ടി തിരഞ്ഞെടുപ്പ് ലിസ്റ്റില്‍ ചില പാര്‍ട്ടി ഉന്നത നേതാക്കളുടെ താല്‍പര്യമനുസരിച്ച് അനര്‍ഹരെ തിരുകിക്കയറ്റാന്‍ ശ്രമിക്കുന്നുവെന്നും ആരോപിച്ചാണ് ചേരിതിരിഞ്ഞുള്ള പോര്‍വിളിയും കസേരയെടുത്തെറിഞ്ഞ് കൈയാങ്കളിയിലുമവസാനിച്ചത്. പെരുമ്പാവൂര്‍ നഗരസഭാ ഭരണം അട്ടിമറിച്ചു കോണ്‍ഗ്രസ്സിനു ഭരണം പിടിച്ചെടുക്കാന്‍ സാഹചര്യമൊരുങ്ങിയിട്ടു പോലും ചില കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടലില്‍ ഇടതുപക്ഷത്തിന് അനുകൂലമായി നിലപാടെടുക്കുകയായിരുന്നുവെന്നും പാത്തി പാലത്തെ ബിവറേജ് പ്രശ്‌നത്തില്‍ ഇടതുപക്ഷ കൗണ്‍സിലംഗത്തിനു പാര്‍ട്ടി എല്ലാ ഒത്താശകളും ചെയ്തുനല്‍കിയെന്നും ആരോപണങ്ങളുയര്‍ന്നു. ഇതുള്‍പ്പെടെ പല കാര്യങ്ങളിലും ജനപക്ഷത്തോടൊപ്പം നില്‍ക്കാന്‍ കോണ്‍ഗ്രസ്സിനായില്ലെന്നും യോഗത്തില്‍ ആരോപണമുയര്‍ന്നു. യോഗത്തില്‍ പി പി തങ്കച്ചനെ കൂടാതെ കോണ്‍ഗ്രസ് നേതാക്കളായ സക്കീര്‍ ഹുസയ്ന്‍, കെ എം എ സലാം, ബാബു ജോണ്‍, എന്‍ എ റഹിം, സജീവ് പി കമാല്‍, പോള്‍ പാത്തിക്കല്‍, എസ് എസ് അലി കൂടാതെ പെരുമ്പാവൂര്‍ നഗരസഭയിലെ എട്ടു കൗണ്‍സിലംഗങ്ങളും മറ്റു ബ്ലോക്ക് ഭാരവാഹികളും പങ്കെടുത്തിരുന്നു. പെരുമ്പാവൂരില്‍ എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ പരസ്യപ്പോര് നിലനില്‍ക്കെ പാര്‍ട്ടി പുനസ്സംഘടനയിലേക്ക് ബൂത്ത്തലം മുതല്‍ സമവായ ചര്‍ച്ച നടത്താതെ ഐ ഗ്രൂപ്പ് അംഗങ്ങളെ തിരുകിക്കയറ്റാന്‍ ശ്രമിക്കുന്നതില്‍ എ ഗ്രൂപ്പ് അംഗങ്ങള്‍ പരസ്യമായി പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലെ കൈയാങ്കളിയും അടിപിടിയും പാര്‍ട്ടിക്ക് കൂടുതല്‍ നാണക്കേടുണ്ടാക്കിയത്.
Next Story

RELATED STORIES

Share it