പി കൃഷ്ണമ്മാള്‍: തൊഴിലാളികള്‍ക്കായി മാത്രമൊരു ജീവിതം...

പി  അംബിക

കോഴിക്കോട്: ട്രേഡ് യൂനിയ ന്‍ രംഗത്ത്, വിശേഷിച്ചും അസംഘടിത മേഖലാ തൊഴിലാളികള്‍ക്കിടയില്‍ നിരന്തര പോരാട്ടങ്ങളിലൂടെ ശ്രദ്ധനേടിയ നേതാവാണു പി കൃഷ്ണമ്മാള്‍. കൊല്ലം ജില്ലയിലെ പുനലൂര്‍ സ്വദേശിനി. കാഞ്ഞിരംവിള വീട്ടില്‍ പങ്കജാക്ഷിയുടെയും ഇടമുളയ്ക്കല്‍ രാഘവനാചാരിയുടെയും മകള്‍.
സിപിഎമ്മിലൂടെ കൃഷ്ണമ്മാള്‍ പൊതുരംഗത്തെത്തി. ഇപ്പോള്‍ അഖിലേന്ത്യാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ന്യൂ ട്രേഡ് യൂനിയന്‍ ഇനിഷ്യേറ്റീവ് (എന്‍ടിയുഐ) എന്ന സ്വതന്ത്ര ട്രേഡ് യൂനിയന്റെ കേന്ദ്ര കമ്മിറ്റി അംഗമാണ്. ആദ്യം കൃഷ്ണമ്മാള്‍ പങ്കെടുത്ത സമരം കോട്ടവട്ടം ക്വാറി സമരമായിരുന്നു. അന്നവിടെ സ്ഥാപിച്ച കൊടിമരം സമരസ്മാരകമായി പതിറ്റാണ്ടുകള്‍ക്കിപ്പുറം ഇന്നും നിലനില്‍ക്കുന്നു. ക്വാറി നിര്‍ത്താനായിരുന്നില്ല അന്നു സമരം നടത്തിയത്.
പുനലൂര്‍ പേപ്പര്‍ മില്‍ സമരത്തില്‍ നേതൃപരമായ പങ്കുവഹിച്ചാണു പിന്നീടിവര്‍ ശ്രദ്ധേയയാവുന്നത്. 2000ത്തിലധികം തൊഴിലാളികള്‍ ജോലി ചെയ്ത പുനലൂര്‍ പേപ്പര്‍ മില്‍ 35 വര്‍ഷത്തോളം അടഞ്ഞുകിടന്നു. 2005ല്‍ സ്ഥാപനം തുറക്കുന്നതിനിടയാക്കിയ സമരത്തില്‍ ജോയിന്റ് ആക്ഷന്‍ കൗണ്‍സില്‍ ഓഫ് പുനലൂര്‍ പേപ്പര്‍ മില്‍സ് വര്‍ക്കേഴ്‌സ് യൂനിയന്റെ സെക്രട്ടറിയായി കൃഷ്ണമ്മാള്‍ സമരം നയിച്ചു.
തൊഴിലാളികള്‍ക്ക് ബോണസ് നേടിയെടുക്കാനായിരുന്നു സമരം. മാനേജ്‌മെന്റ് സമരം ഒത്തുതീര്‍പ്പാക്കി. ബോണസ് ലഭിച്ചു. ഇതൊരു വലിയ പാഠമായിരുന്നുവെന്നു കൃഷ്ണമ്മാള്‍ പറയുന്നു.
കശുവണ്ടിത്തൊഴിലാളികളുടെ എണ്ണമറ്റ സമരങ്ങള്‍ക്കു നേതൃത്വപരമായ പങ്കു വഹിച്ചു. ഓള്‍ കേരള ഗാര്‍ഹിക തൊഴിലാളി യൂനിയന്‍, കേരള സ്റ്റേറ്റ് ക്ലീനിങ് ഡെസ്റ്റിനേഷന്‍ വര്‍ക്കേഴ്‌സ് യൂനിയന്‍ എന്നിവയുടെ രൂപീകരണത്തിലും നേതൃപരമായ പങ്കു വഹിച്ചു. വണ്ടാനം മെഡിക്കല്‍ കോളജിലെ 300ഓളം വരുന്ന ക്ലീനിങ് തൊഴിലാളികളുടെ സമരത്തിന്റെ ഭാഗമായി 2016 ആഗസ്ത് 31നു കൃഷ്ണമ്മാള്‍ അടക്കമുള്ള 68 സ്ത്രീ തൊഴിലാളികളെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലടച്ചു. ജയിലില്‍ നിരാഹാരമനുഷ്ഠിച്ച് ഭരണകൂടത്തെ നേരിട്ടു. 18ാം വയസ്സില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മഹിളാവിഭാഗം വോളന്റിയര്‍ ക്യാപ്റ്റനായി പരിശീലനം നേടി. 67ാം വയസ്സിലും ദുരിതമനുഭവിക്കുന്ന തൊഴിലാളികള്‍ക്കു കാവലാളായി കേരളം മുഴുവന്‍ ഓടിനടന്നു പ്രവര്‍ത്തിക്കുന്നു കൃഷ്ണമ്മാള്‍.
Next Story

RELATED STORIES

Share it