പി എച്ച് കുര്യനോട് റവന്യൂമന്ത്രി വിശദീകരണം തേടി

തിരുവനന്തപുരം: കൃഷിമന്ത്രിയുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യനോടു വിശദീകരണം തേടി. അദ്ദേഹം തെറ്റ് ഏറ്റുപറഞ്ഞതായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സര്‍ക്കാര്‍ നയം ഉദ്യോഗസ്ഥരല്ല തീരുമാനിക്കുക. കൃഷിഭൂമി വര്‍ധിപ്പിക്കുകയാണു സര്‍ക്കാര്‍ നയം. വിവാദ പരാമര്‍ശം സംബന്ധിച്ചു കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍ റവന്യൂമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് മന്ത്രി റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറിയെ വിളിച്ചുവരുത്തി ശാസിക്കുകയായിരുന്നു.
തെറ്റായ പരാമര്‍ശമാണു നടത്തിയതെന്നും ഇതേക്കുറിച്ച് ബോധ്യമുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. കുട്ടനാട്ടില്‍ നെല്‍കൃഷിയല്ല, ടൂറിസം കൃഷിയാണ് വ്യാപിപ്പിക്കേണ്ടതെന്നും കോട്ടയത്ത് സംഘടിപ്പിച്ച പരിപാടിയില്‍ കുര്യന്‍ പറഞ്ഞിരുന്നു. കൃഷി വ്യാപിപ്പിക്കാന്‍ കൃഷിമന്ത്രി നടത്തുന്ന പ്രവര്‍ത്തനം മോക്ഷം കിട്ടാനെന്നുമായിരുന്നു പി എച്ച് കൂര്യന്റെ വിവാദ പരാമര്‍ശം. കൃഷിമന്ത്രിയെ വിമര്‍ശിച്ച പി എച്ച് കുര്യനെതിരേ വിമര്‍ശനവുമായി സിപിഐ നേരത്തെ രംഗത്തുവന്നിരുന്നു.
കുട്ടനാട്ടിലെ കൃഷി സംബന്ധിച്ച് പി എച്ച് കുര്യന്‍ പറഞ്ഞത് സര്‍ക്കാര്‍ നിലപാടല്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കി.

Next Story

RELATED STORIES

Share it