പി ഉണ്ണിയുടെ സ്ഥാനാര്‍ഥിത്വം: ഒറ്റപ്പാലത്ത് വ്യാപക പ്രതിഷേധം

കെ സനൂപ്പാലക്കാട്: മലബാര്‍ സിമന്റ്‌സില്‍ നടന്ന 400 കോടി രൂപയുടെ അഴിമതി കേസുകളില്‍ പങ്കുണ്ടെന്ന് കോടതി കണ്ടെത്തിയ വിവാദ വ്യവസായിയുമായി അടുത്ത ബന്ധം പുലര്‍ത്തിയതിന്റെ പേരില്‍ ആരോപണവിധേയനായ പി ഉണ്ണിയെ ഒറ്റപ്പാലം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരേ സിപിഎമ്മില്‍ കലഹം രൂക്ഷമാവുന്നു. കഴിഞ്ഞ ദിവസം കടമ്പഴിപ്പുറം, ശ്രീകൃഷ്ണപുരം മേഖലകളില്‍ ഇതിനെതിരേ രൂക്ഷമായ ഭാഷയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന് പിറകെ ഇപ്പോള്‍ മേഖലയില്‍ വ്യാപകമായി നോട്ടീസുകള്‍ പ്രചരിക്കുന്നതാണ് സിപിഎം ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍ക്ക് കൂടുതല്‍ തലവേദനയായിട്ടുള്ളത്. ഈ മാസം അവസാനത്തോടെ സംസ്ഥാന നേതൃത്വം അന്തിമ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കാനിരിക്കേ പി ഉണ്ണിയേ മാറ്റി പി കെ സുധാകരനേയോ സിറ്റിങ് എംഎല്‍എ എം ഹംസയേയോ മല്‍സരിപ്പിക്കണമെന്നാണ് അണികളില്‍ ആവശ്യമുയരുന്നത്. കഴിഞ്ഞ ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്ത് മലബാര്‍ സിമന്റ്‌സില്‍ മലിനീകരണ സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചതില്‍ നടന്ന കോടികളുടെ അഴിമതിയില്‍ അന്നത്തെ ഡയറക്ടര്‍ ബോര്‍ഡംഗമായിരുന്ന സിപിഎം ജില്ലാ സെക്രട്ടറി പി ഉണ്ണിയെ 2015ല്‍ സംസ്ഥാന വിജിലന്‍സ് വകുപ്പ് പ്രതി ചേര്‍ത്തിരുന്നു. കഴിഞ്ഞ 20 ന് കടമ്പഴിപ്പുറം മേഖലയില്‍ പി ഉണ്ണിക്കും സിഐടിയു ജില്ലാ സെക്രട്ടറി പി കെ ശശിക്കുമെതിരെ വ്യാപകമായി സേവ് സിപിഎം എന്ന പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനിടെ പ്രതിഷേധം വ്യാപകമാവുന്നതിന്റെ സൂചനകള്‍ വ്യക്തമാക്കിക്കൊണ്ട് വെള്ളിയാഴ്ച വീണ്ടും കടമ്പഴിപ്പുറം, ശ്രീകൃഷ്ണപുരം, കരിമ്പുഴ മേഖലകളില്‍ ഡിവൈഎഫ്‌ഐയുടേയും ഒറ്റപ്പാലം, കടമ്പഴിപ്പുറം പൗരസമിതിയുടേ പേരിലും പോസ്റ്ററുകളും നോട്ടീസുകളും ഇറങ്ങിയിട്ടുണ്ട്. ചാക്ക് മുതലാളിയുടെ അഴിമതിക്കും കൊലപാതകത്തിനും കൂട്ടുനിന്നവന്‍ ഒറ്റപ്പാലത്തെ എല്‍ഡിഎഫിന്റെ പുതിയ സ്ഥാനാര്‍ഥിയോ?...കഷ്ടം, കഷ്ടം, ഒറ്റപ്പാലം ജനതയുടെ കഷ്ടകാലം...എന്നാണ് ഒറ്റപ്പാലം അസംബ്ലി മണ്ഡലം പൗരസമിതിക്കുവേണ്ടി പൗരസമിതിക്കാര്‍ കടമ്പഴിപ്പുറം എന്ന പേരില്‍ അച്ചടിച്ച നോട്ടീസില്‍ പറയുന്നത്. സിപിഎമ്മിന്റെ അധ:പതനം, ഒറ്റപ്പാലം മണ്ഡലത്തിലെ സ്ഥാനാര്‍ഥി മലബാര്‍ സിമന്റ്‌സിലെ വിജിലന്‍സ് അന്വേഷണം നേരിടുന്ന പ്രതി ചാക്ക് രാധാകൃഷ്ണന്റെ ബിനാമി. ഇതാണോ ജയിക്കുന്ന സ്ഥാനാര്‍ഥി?..ഇതാണോ ജനകീയത?..ഇവരെയൊക്കെയാണോ അധികാരത്തിലേറേണ്ടത് എന്നാണ് ഡിവൈഎഫ്‌ഐയുടെ പേരില്‍ കടമ്പഴിപ്പുറത്ത് പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ പറയുന്നത്. കള്ളന്‍മാരുടേയും കൂട്ടിക്കൊടുപ്പുകാരുടേയും സ്ഥാനാര്‍ഥികളെ സിപിഎം പാലക്കാട് ജില്ലാ നേതൃത്വത്തിന് ഒത്താശ ചെയ്യുന്ന സംസ്ഥാന നേതൃത്വം എന്നും പോസ്റ്ററില്‍ വിമര്‍ശിക്കുന്നു.
Next Story

RELATED STORIES

Share it