kannur local

പിലാത്തറ -പാപ്പിനിശ്ശേരി റോഡ് പണി ഉടന്‍ തീര്‍ക്കാന്‍ നിര്‍ദേശം



കണ്ണൂര്‍: നാലു വര്‍ഷമായി പ്രവൃത്തി തുടരുന്ന പിലാത്തറ-പാപ്പിനിശ്ശേരി സംസ്ഥാന പാതയുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തീകരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ടി വി രാജേഷ് എംഎല്‍എയാണ് പ്രമേയം അവതരിപ്പിച്ചത്. കെഎസ്ടിപി നിര്‍മിക്കുന്ന റോഡില്‍ താവം മേല്‍പാലം നിര്‍മാണം, വളപട്ടണം ഹൈവേ മുതല്‍ ഇരിണാവ് വരെയുള്ള റോഡ് പ്രവൃത്തി എന്നിവ ഇഴഞ്ഞുനീങ്ങുകയാണ്. കാലവര്‍ഷം തുടങ്ങുകയും വിദ്യാലയങ്ങള്‍ തുറക്കുകയും ചെയ്യുന്നതോടെ ഇതുവഴിയുള്ള യാത്ര ദുസ്സഹമാവുന്ന സ്ഥിതിയാണുണ്ടാവുക. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര ശ്രദ്ധ പതിപ്പിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. റോഡ് പണി നടക്കുന്നതിനാല്‍ ചെറുകുന്ന് തറ, മടക്കര, ഇരിണാവ് തുടങ്ങിയ ഭാഗങ്ങളിലേക്ക് ബസ് ഗതാഗതം നിലച്ചത് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നതിനാല്‍ ഭാഗികമായെങ്കിലും ഇതുവഴി ഗതാഗതം പുനസ്ഥാപിക്കണമെന്നും ടി വി രാജേഷ് എംഎല്‍എ ആവശ്യപ്പെട്ടു. ഇതിനായി നാളെ കെഎസ്ടിപി, പോലിസ്, ട്രാഫിക് ഉദ്യോഗസ്ഥര്‍, ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡ ന്റുമാര്‍ തുടങ്ങിയവരുടെ യോഗം കലക്ടറേറ്റില്‍ വിളിച്ചുചേര്‍ക്കാനും തീരുമാനമായി. പുതിയതെരുവില്‍ ഉണ്ടാവുന്ന ഗതാഗത തടസ്സം കാരണം വളപട്ടണം, പാപ്പിനിശ്ശേരി വരെ ഗതാഗതക്കുരുക്ക് രൂപപ്പെടുന്ന സാഹചര്യത്തില്‍ ഇതൊഴിവാക്കാ ന്‍ പോലിസിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. അഴീക്കല്‍ തുറമുഖത്ത് മണല്‍വാരലില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് ബന്ധപ്പെട്ട പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ മണല്‍വാരലിന് സംവിധാനമൊരുക്കണമെന്നും തുറമുഖവുമായി ബന്ധപ്പെട്ട് മണല്‍ മാഫിയ പ്രവര്‍ത്തനം അനുവദിക്കില്ലെന്നും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ഇവിടുത്തെ മണല്‍വാരല്‍ തൊഴിലാളികള്‍ക്ക് കല്ല്യാശ്ശേരി, അഴീക്കോട്, പാപ്പിനിശ്ശേരി, മാട്ടൂല്‍, വളപട്ടണം ഗ്രാമപഞ്ചാത്തുകള്‍ക്ക് കീഴില്‍ മണല്‍വാരാന്‍ പ്രത്യേക സംവിധാനമൊരുക്കിയതായി യോഗത്തില്‍ അധ്യക്ഷത വഹിച്ച എഡിഎം മുഹമ്മദ് യൂസുഫ് അറിയിച്ചു. ഇതിനായി ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിക്ക് ജൂണ്‍ 5നകം അപേക്ഷ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. പയ്യാമ്പലം ഉര്‍സുലൈന്‍ സീനിയര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ കടലിനോട് ചേര്‍ന്നു കിടക്കുന്ന തകര്‍ന്നുവീഴാറായ മതില്‍ പുനരുദ്ധരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രി മേജര്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മട്ടന്നൂരില്‍ പഴശ്ശി പദ്ധതിക്കു കീഴിലെ കനാലില്‍ മാലിന്യം കുന്നുകൂടിക്കിടക്കുന്നത് കാലവര്‍ഷം തുടങ്ങുന്നതോടെ പകര്‍ച്ച വ്യാധിക്ക് കാരണമാകുമെന്നും അവ ഉടന്‍ നീക്കം ചെയ്യണമെന്നും പഴശ്ശി പദ്ധതി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി നല്‍കിയ കുറിപ്പിന്റെ അടിസ്ഥാനത്തിലാണിത്. മാലിന്യ നിര്‍മാര്‍ജനം, ശുചീകരണ പ്രവൃത്തികള്‍ തുടങ്ങിയവ മഴക്കാലത്തിനു മുന്നോടിയായി മാത്രം ചെയ്യേണ്ടവയല്ലെന്നും രോഗപ്രതിരോധത്തിന്റെ ഭാഗമായി കൊല്ലം മുഴുവന്‍ നടക്കേണ്ട പ്രവര്‍ത്തനങ്ങളാണെന്നുമുള്ള സര്‍ക്കാര്‍ നിര്‍ദേശം ഡിപിസിയില്‍ അവതരിപ്പിച്ചു. ഇക്കാര്യത്തില്‍ എല്ലാ വകുപ്പ് തലവന്‍മാരും ശ്രദ്ധ പുലര്‍ത്തണമെന്ന് യോഗം നിര്‍ദേശിച്ചു. ഇതിന്റെ ഭാഗമായി ജില്ല മുഴുവന്‍ ഇന്ന് നടക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ പേരും പങ്കാളികളാവണമെന്ന് യോഗം അഭ്യര്‍ഥിച്ചു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ടി വി രാജേഷ് എംഎല്‍എ, അസി. കലക്ടര്‍ ആസിഫ് കെ യൂസുഫ്, എഡിഎം ഇ മുഹമ്മദ് യൂസുഫ്, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ പ്രകാശന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it