പിണറായി സര്‍ക്കാര്‍ ജനവിരുദ്ധ നിലപാടുകള്‍ തിരുത്തണം: എസ്ഡിപിഐ

കോഴിക്കോട്: പോലിസ് നയം, സംവരണ നയം, മദ്യനയം എന്നിവയില്‍ പിണറായി സര്‍ക്കാര്‍ ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നിലപാടാണ് പുലര്‍ത്തുന്നതെന്ന് എസ്ഡിപിഐ നേതാക്കള്‍ ആരോപിച്ചു. യുഡിഎഫിന്റെ തെറ്റുകള്‍ തിരുത്തുമെന്ന പ്രതീക്ഷയോടെ എല്‍ഡിഎഫിന് പിന്തുണ നല്‍കിയ കേരള ജനതയെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇടത് മന്ത്രിസഭയില്‍ നിന്നുണ്ടായത്. ഒന്നും ശരിയായില്ലെന്ന് മാത്രമല്ല, പോലിസിനെ ഉപയോഗിച്ച് ജനകീയ സമരങ്ങളെ അടിച്ചൊതുക്കുന്നതില്‍ യുഡിഎഫിനെ പിന്നിലാക്കിയിരിക്കുകയാണ് എല്‍ഡിഎഫ്.
സര്‍ക്കാര്‍ ജനങ്ങളോടൊപ്പമെന്നത് അര്‍ഥമില്ലാത്ത പദപ്രയോഗമായി മാറിക്കഴിഞ്ഞു. എല്ലാം ശരിയാവുമെന്ന വാഗ്ദാനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ഭരണത്തിലേറാന്‍ സഹായിച്ച ന്യൂനപക്ഷങ്ങള്‍ക്ക് സങ്കടക്കടലാണ് പിണറായിയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര വകുപ്പ് സമ്മാനിച്ചത്. സംഘപരിവാരത്തോട് മൃദുസമീപനം പുലര്‍ത്തുകയും മുസ്‌ലിം-ദലിത് വിഭാഗത്തില്‍ പെട്ടവര്‍ക്കെതിരേ കള്ളക്കേസുകള്‍ ചുമത്തി പീഡിപ്പിക്കുകയും ചെയ്തു. കഠ്വ സംഭവത്തില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയതിന് നൂറുകണക്കിന് യുവാക്കള്‍ക്കെതിരേ അന്യായമായി 153 എ ചുമത്തി. മാവോവാദിയെന്നാരോപിച്ച് കണ്ണൂര്‍ സ്വദേശി നദീറിന്റെ മേല്‍ ചുമത്തിയ യുഎപിഎ കേസ് പിന്‍വലിച്ചത് അടുത്ത ദിവസമാണ്.
വരാപ്പുഴ കേസിലും ഇതു സംഭവിച്ചു. ശ്രീജിത്തടക്കം പോലിസ് മര്‍ദനത്തിനും ജയില്‍വാസത്തിനുമിരയായ ഏഴുപേരെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി പിന്നീട് കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിക്കേണ്ടിവന്നു. 24 മാസത്തിനകം 25 കൊലപാതകങ്ങളും ഒമ്പത് കസ്റ്റഡി മരണങ്ങളും സംസ്ഥാനത്തുണ്ടായി. സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മും കേന്ദ്രം ഭരിക്കുന്ന ബിജെപിയും മല്‍സരിച്ച് കൊല നടത്തുകയാണ്. ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും പോലിസ് സേനയില്‍ നിയന്ത്രണം നഷ്ടപ്പെട്ടു. മൂന്നാംമുറയും ലോക്കപ്പ് മര്‍ദനവും അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി വായടയ്ക്കുന്നതിനു മുന്നേ കസ്റ്റഡി മരണങ്ങളുടെ വാര്‍ത്ത പുറത്തുവന്നു.
ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജ് നേരിട്ട് നിയന്ത്രിക്കുന്ന ആര്‍ടിഎഫ് അംഗങ്ങളാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചതെന്ന് തെളിഞ്ഞിട്ടും ജോര്‍ജിനെ സ്ഥലംമാറ്റി സഹായിക്കുകയാണ് പിണറായി ചെയ്തത്. എം എം അക്ബര്‍ അടക്കമുള്ള ചില മത നേതാക്കള്‍ക്കെതിരേ കേസുകള്‍ പെരുപ്പിച്ച് കാട്ടി നടപടിയെടുത്ത പോലിസ് അതിനേക്കാള്‍ ഗൗരവമുള്ള കുറ്റങ്ങളില്‍ ആര്‍എസ്എസ് നേതാക്കളോട് മൃദുസമീപനമാണ് പുലര്‍ത്തിയത്.
ദേവസ്വം ബോര്‍ഡിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കാനുള്ള സര്‍ക്കാരിന്റെ തീരുമാനം സംവരണ സമ്പ്രദായത്തെ തുരങ്കംവയ്ക്കുന്നതാണ്. ഉത്തരവ് അവഗണിച്ചുകൊണ്ടാണ് ഭരണഘടനാ വിരുദ്ധമാണെന്ന് ബോധ്യമുണ്ടായിട്ടും സാമ്പത്തിക സംവരണത്തിന് സര്‍ക്കാര്‍ തീരുമാനമെടുത്തത്. ജാതി, സാമുദായിക രാഷ്ട്രീയം പയറ്റുന്ന സിപിഎം സര്‍ക്കാര്‍ കമ്മ്യൂണിസത്തില്‍ നിന്ന് ഏറെ അകലെയാണ്.  മദ്യമാഫിയകളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും മദ്യത്തിന്റെ ലഭ്യത വ്യാപകമാക്കുകയും ചെയ്യുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ജനവിരുദ്ധ നയങ്ങള്‍ തിരുത്താന്‍ എല്‍ഡിഎഫ് സന്നദ്ധമാവണം. വികസനത്തിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്നവരോട് കരുണകാണിക്കാത്ത സര്‍ക്കാരുകള്‍ ജനപക്ഷമല്ല. ജനാധിപത്യവിരുദ്ധ നിലപാടുകളും പോലിസിന്റെ ഇരട്ടനീതിയും തിരുത്താനും ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തി ഇല്ലാതാക്കാനുമുള്ള നീക്കങ്ങളില്‍ നിന്ന് പിന്‍മാറുവാനും എസ്ഡിപിഐ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, മുസ്തഫ കൊമ്മേരി പങ്കെടുത്തു.
Next Story

RELATED STORIES

Share it