Flash News

പിണറായിയും കെജ്‌രിവാളും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി



ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ഇന്നലെ രാവിലെ കേരളാ ഹൗസിലായിരുന്നു കൂടിക്കാഴ്ച. തികച്ചും സൗഹൃദ സന്ദര്‍ശനമായിരുന്നെന്നും എന്നാല്‍, രാജ്യത്തെ ചില രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായും കൂടിക്കാഴ്ചയ്ക്ക് ശേഷം പിണറായി വിജയന്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. രാജ്യത്തെ എല്ലാ മേഖലയിലും ഭീതിജനകമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന് അരവിന്ദ് കെജ്‌രിവാളും പ്രതികരിച്ചു. ഭയത്തിന്റെ രാഷ്ട്രീയമാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. എല്ലാ മേഖലയിലുമുള്ള ജനങ്ങള്‍ ഭീതിയോടെയാണ് ജീവിക്കുന്നത്. കേന്ദ്രത്തിനെതിരേ ശബ്ദിക്കുന്നവരെ നിശബ്ദമാക്കാനാണ് ശ്രമം.കേരള മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച പുതിയ തുടക്കമെന്നു വിശേഷിപ്പിക്കാമെന്നും കെജ്‌രിവാള്‍ വ്യക്തമാക്കി. ആര്‍എസ്എസ് രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നു പിണറായി വിജയനും അഭിപ്രായപ്പെട്ടു.  ഡല്‍ഹി സര്‍ക്കാരിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണ്. ഡല്‍ഹിയെ ഒരു സംസ്ഥാനമായി കാണാതെ സംസ്ഥാനത്തിന്റെ ഫെഡറല്‍ അധികാരങ്ങളിലേക്കും കടന്നുകയറുകയാണെന്നും പിണറായി പറഞ്ഞു.
Next Story

RELATED STORIES

Share it