kannur local

പിണറായിയിലെ ദുരൂഹമരണം: ഫോറന്‍സിക് റിപോര്‍ട്ട് നിര്‍ണായകമാവും

തലശ്ശേരി:  മുഖ്യമന്ത്രിയുടെ നാട്ടിലെ ഒരുവീട്ടില്‍ അടുത്തിടെ ഒന്നിനു പിറകെ മറ്റൊന്നായി നടന്ന നാലു മരണങ്ങളിലെ ദുരൂഹത നീക്കാന്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. സിഐ ഇ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണം നിര്‍ണായക വഴിത്തിരിവിലേക്ക് നീങ്ങുകയാണ്. സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിന്റെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന്, പിണറായി പടന്നക്കര കൂഞ്ഞേരിവണ്ണത്താം വീട്ടില്‍ സൗമ്യയുടെ മൂത്തമകള്‍ ഐശ്വര്യ (9)യുടെ മൃതദേഹം ഇന്നലെ ഉച്ചയോടെ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി.
പരിയാരം മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്‍ ഗോപാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍. സംഭവമറിഞ്ഞ് നാട്ടുകാര്‍ തടിച്ചുകൂടി. ഇവരെ മാറ്റിനിര്‍ത്തിയാണ് നാലുഭാഗങ്ങളിലും ടാര്‍ പോളിന്‍ ഷീറ്റ് മറച്ചുകെട്ടി പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയത്. തിരുവനന്തപുരം ഫോറന്‍സിക് ലബോറട്ടറിയില്‍നിന്ന് ഫോറന്‍സിക് പരിശോധനാ ഫലം ലഭിക്കുന്നതോടെ ദുരൂഹത മരണത്തിനു കാരണമായ തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.
ഇതിനു മുമ്പ് 2012ല്‍ സൗമ്യയുടെ മറ്റൊരു മകള്‍ കീര്‍ത്തന (ഒന്ന്) ഛര്‍ദിയെ തുടര്‍ന്നു മരിച്ചിരുന്നു. മരണത്തില്‍ കാര്യമായ സംശയമൊന്നും തോന്നിയിരുന്നില്ല. അതിനാല്‍ തുടര്‍ന്നു മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തുമില്ല. ഈ വര്‍ഷം ജനുവരിയില്‍ സൗമ്യയുടെ മൂത്തമകള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനി ഐശ്വര്യയും ഇതേ സാഹചര്യത്തില്‍ മരിച്ചു. ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തില്ല. സൗമ്യയുടെ അമ്മയും കുഞ്ഞിക്കണ്ണന്റെ ഭാര്യയുമായ കമല (68) കഴിഞ്ഞ മാര്‍ച്ചില്‍ ഛര്‍ദിയെ തുടര്‍ന്നു മരിക്കുകയായിരുന്നു.
ഏപ്രില്‍ 13ന് സൗമ്യയുടെ പിതാവ് കുഞ്ഞിക്കണ്ണനും (76) ഛര്‍ദ്ദിയെ തുടര്‍ന്നു മരിച്ചു. എന്നാല്‍ കഴിഞ്ഞ ചൊവ്വാഴ്ച ഛര്‍ദിയെ തുടര്‍ന്ന് ഈ വീട്ടില്‍ ആകെ അവശേഷിച്ച സൗമ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ദഹനക്കേടാണു ഛര്‍ദിക്കു കാരണം എന്നാണു പ്രാഥമിക നിഗമനം.
സംഭവത്തില്‍ ബന്ധുക്കളും നാട്ടുകാരും ദുരൂഹത ആരോപിച്ചതോടെയാണ് കമലയുടെയും കുഞ്ഞിക്കണ്ണന്റെയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നാരായണ നായിക് സ്ഥലം സന്ദര്‍ശിച്ച് ജില്ലാ കലക്ടര്‍ക്ക് റിപോര്‍ട്ട് സമര്‍പ്പിച്ചു. കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് സ്ഥലത്തെ മുപ്പതോളം വീടുകളില്‍നിന്ന് ശേഖരിച്ച കുടിവെള്ളം പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. നേരത്തെ നാട്ടിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ വീട് സന്ദര്‍ശിച്ച് ആരോഗ്യവകുപ്പിനോടും പോലിസിനോടും അന്വേഷണം ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it