malappuram local

പിടിച്ചെടുത്ത പുറമ്പോക്കു ഭൂമിയില്‍ ഫലവൃക്ഷ തൈകള്‍ നട്ടു



കരുവാരകുണ്ട്: ഒലിപ്പുഴ തീരത്ത് സ്വകാര്യ വ്യക്തികളില്‍ നിന്നു പിടിച്ചെടുത്ത പുറമ്പോക്കു ഭൂമിയില്‍ ഫലവൃക്ഷതൈകള്‍ നട്ടു. സര്‍വകക്ഷി യോഗം തീരുമാനപ്രകാരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ മുഹമ്മദിന്റെ നേതൃത്വത്തിലാണ് വൃക്ഷതൈകള്‍ നട്ടത്. ഇന്നലെ രാവിലെ 11ന് നടന്ന ചടങ്ങില്‍ കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. സര്‍വകക്ഷി യോഗത്തിന്റെ തീരുമാനപ്രകാരം പിടിച്ചെടുത്ത അഞ്ചേക്കര്‍ സ്ഥലത്താണ് ആദ്യഘട്ട ഫല വൃക്ഷ തൈകള്‍ നട്ടത്. ഗ്രാമപ്പഞ്ചായത്തില്‍ ഒലിപ്പുഴ തീരത്ത് ഒന്‍പതു കിലോമീറ്റര്‍ നീളത്തില്‍ മുന്നൂറ് ഹെക്ടര്‍ പുറമ്പോക്കു ഭൂമി സ്വകാര്യ വ്യക്തികള്‍ കൈവശം വച്ചിട്ടുണ്ടന്നാണ് റവന്യൂ വകുപ്പ് സൂചിപ്പിക്കുന്നത്. നേരത്തേ റവന്യു വകുപ്പിനെ സ്വാധീനിച്ച് പലരും പുറമ്പോക്കു ഭൂമിയില്‍ പല സ്ഥലങ്ങളിലും വന്‍ കെട്ടിടങ്ങളും നിര്‍മിച്ചിട്ടുണ്ടന്നും ആരോപണം   നിലനില്‍ക്കുന്നുണ്ട്. നെല്‍കൃഷി ചെയ്യുന്നതിന് സ്വകാര്യ വ്യക്തികള്‍ക്ക് പഞ്ചായത്ത് വിട്ടുനല്‍കിയതാണ് ഒലിപുഴ തീരത്തെ പുറമ്പോക്കു ഭൂമി. റബര്‍, തെങ്ങ്, കമുക് തുടങ്ങിയ നാണ്യവിളകളാണ് ഇവിടെ പലരും കൃഷി ചെയ്തിരിക്കുന്നത്. പഞ്ചായത്ത് നിര്‍ദേശിച്ച ലീസടക്കാതെയാണു പലരും ഭൂമി കൈവശംവച്ചു കൊണ്ടിരിക്കുന്നത്. ലീസടക്കാത്തവരില്‍ നിന്നു പഞ്ചായത്ത് പിഴ ഈടാക്കണമെന്നാവശ്യവും ശക്തമാണ്. മുഖം നോക്കാതെ ധീരമായ നടപടിയുമായി നീങ്ങുന്ന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ കെ മുഹമ്മദിന് വിവിധ സംഘടനകള്‍ പിന്തുണയറിയിച്ചിട്ടുണ്ട്. യോഗത്തില്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പിഷൗക്കത്തലി, എന്‍ കെ അബ്ദുര്‍റഹ്മാന്‍,  പി ഉണ്ണിമാന്‍, എം അബ്ദുല്ല, പി ഇമ്പിച്ചിക്കോയ തങ്ങള്‍, വി ഉമര്‍കോയ, വി അനില്‍പ്രസാദ്, കെ പി അലക്‌സാണ്ടര്‍, എം പി വിജയകുമാര്‍, ഒ പി ഇസ്മായില്‍, കെ കെ ജയിംസ് സംസാരിച്ചു.
Next Story

RELATED STORIES

Share it