Cricket

പിങ്ക് ദക്ഷിണാഫ്രിക്കയെ ചതിച്ചില്ല; ഇന്ത്യയെ തല്ലിപ്പറത്തി ആവേശ ജയം

പിങ്ക് ദക്ഷിണാഫ്രിക്കയെ ചതിച്ചില്ല; ഇന്ത്യയെ തല്ലിപ്പറത്തി ആവേശ ജയം
X



ജോഹന്നാസ്ബര്‍ഗ്: പിങ്ക് ജഴ്‌സി ദക്ഷിണാഫ്രിക്കയെ ചതിച്ചില്ല. ജയം അനിവാര്യമായ മല്‍സരത്തില്‍ അഞ്ച് വിക്കറ്റിന് വിജയിച്ച ദക്ഷിണാഫ്രിക്ക പരമ്പര നേട്ടത്തിലേക്കുള്ള ഇന്ത്യയുടെ കാത്തിരിപ്പ് നീട്ടി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശിഖര്‍ ധവാന്റെ (109) സെഞ്ച്വറിക്കരുത്തില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 289 റണ്‍സ് അടിച്ചെടുത്തു. പിന്നീട് വെളിച്ചക്കുറവ് മൂലം വിജയ ലക്ഷ്യം 28 ഓവറില്‍ 202 റണ്‍സായി പുനര്‍നിശ്ചയിച്ചപ്പോള്‍ 25.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 207 റണ്‍സ് നേടി ദക്ഷിണാഫ്രിക്ക വിജയം സ്വന്തമാക്കുകയായിരുന്നു. അവസാന ഓവറുകളില്‍ ആളിക്കത്തിയ ക്ലെസന്റെയും (27 പന്തില്‍ 43*) ഫെലുക്കുവായയുടെയും ( 5 പന്തില്‍ 23*) ബാറ്റിങാണ് ആതിഥേയര്‍ക്ക് അഭിമാന ജയം സമ്മാനിച്ചത്. ഡേവിഡ് മില്ലര്‍ (39) എബി ഡിവില്ലിയേഴ്‌സ് (26), ഹാഷിം അംല (33) എന്നിവരും ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങി. ഇന്ത്യക്കുവേണ്ടി കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും ആറ് ഓവറില്‍ 51 റണ്‍സ് വഴങ്ങി. യുസ്‌വേന്ദ്ര ചാഹല്‍ 5.3 ഓവറില്‍ 68 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും അക്കൗണ്ടിലാക്കി. ജസ്പ്രീത് ബൂംറ, ഹര്‍ദിക് പാണ്ഡ്യ എന്നിവരും ഓരോ വിക്കറ്റുവീതം പങ്കിട്ടു.
നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച സ്‌കോറിലേക്കെത്തും മുമ്പേ ഓപണര്‍ രോഹിത് ശര്‍മയെ (5) നഷ്ടമായി. പരമ്പരയിലുടനീളം മോശം ഫോമില്‍ തുടരുന്ന രോഹിതിനെ തകര്‍പ്പന്‍ റിട്ടേണ്‍ ക്യാച്ചിലൂടെ കഗിസോ റബാദ പുറത്താക്കുകയായിരുന്നു. രോഹിത് മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് 3.6 ഓവറില്‍ ഒരു വിക്കറ്റിന് 36 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ പിന്നീടൊത്തു ചേര്‍ന്ന ധവാന്‍ - കോഹ്‌ലി കൂട്ടുകെട്ട് പതിവ് പോലെ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിന് അടിത്തറയേകുകയായിരുന്നു. മികച്ച ഷോട്ടുകളുമായി ഇരുവരും കളം വാണതോടെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ പന്തുകള്‍ പലതവണ ബൗണ്ടറിലൈന്‍ കടന്നു. പരമ്പരയിലെ മൂന്നാം സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന കോഹ്‌ലിയെ മടക്കി ക്രിസ് മോറിസാണ് കൂട്ടുകെട്ട് പൊളിച്ചത്. മോറിസിനെ പുള്‍ ഷോട്ട് കളിച്ച കോഹ് ലിക്ക്  പിഴച്ചപ്പോള്‍ ഷോട്ടില്‍ ഡേവിഡ് മില്ലറുടെ കൈയില്‍ പന്ത് സുരക്ഷിതം. 83 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സറും പറത്തിയ കോഹ്‌ലി മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് 31.1 ഓവറില്‍ രണ്ട് വിക്കറ്റിന് 178 റണ്‍സെന്ന മികച്ച നിലയിലായിരുന്നു.
പിന്നീട് അജിന്‍ക്യ രഹാനയെ (8) കൂട്ടുപിടിച്ച് ധാന്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. 105 പന്തില്‍ 10 ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെട്ട ധവാന്റെ തകര്‍പ്പന്‍ ഇന്നിങ്‌സിന് വിരാമമായതോടെ ഇന്ത്യയുടെ റണ്ണൊഴുക്കിന്റെ വേഗതയും കുറഞ്ഞു. രഹാനെയും ശ്രേയസ് അയ്യരും (18), ഹര്‍ദിക് പാണ്ഡയുമെല്ലാം (9) ചെറിയ ഇടവേളകളില്‍ മടങ്ങിയെങ്കിലും ഒരുവശത്ത് ചെറുത്ത് നിന്ന എംഎസ് ധോണി (42*) ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡിനെ 289ലേക്ക് എത്തിക്കുകയായിരുന്നു. 43 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സറും ധോണിയുടെ ബാറ്റില്‍ നിന്ന് പിറന്നു.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കഗിസോ റബാദ, ലൂങ്കി എന്‍ഗിഡി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം പങ്കിട്ടപ്പോള്‍ മോണി മോര്‍ക്കല്‍ ക്രിസ് മോറിസ് എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. ക്ലെസനാണ് കളിയിലെ താരം. നിലവില്‍ ആറ് മല്‍സര പരമ്പരയില്‍ 3-1ന് ഇന്ത്യ മുന്നിലാണ്.
Next Story

RELATED STORIES

Share it