Flash News

പിഎസ്‌സിയില്‍ 120 പുതിയ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനം



തിരുവനന്തപുരം: പിഎസ്‌സിയില്‍ വിവിധ വിഭാഗങ്ങളിലായി 120 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആലപ്പുഴ ജില്ലയിലെ അരൂരിലും കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലും പുതിയ ഫയര്‍ ആന്റ് റസ്‌ക്യൂ സ്‌റ്റേഷനുകളിലേക്ക് 21 വീതം തസ്തികയും ദേവികുളം സബ് കോടതിക്ക് ആറ് അധിക തസ്തിക സൃഷ്ടിക്കാനും തീരുമാനമായി. സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കാനുള്ള നിര്‍ദേശം അംഗീകരിച്ചു. സ്‌റ്റേറ്റ് ഫാമിങ് കോര്‍പറേഷനിലെ ടാപ്പിങ് സൂപ്പര്‍വൈസര്‍മാരുടെ ശമ്പളവും പരിഷ്‌കരിക്കും. അഡീഷനല്‍ ചീഫ് സെക്രട്ടറിയായി കഴിഞ്ഞ മാര്‍ച്ച് 31നു വിരമിച്ച ഷീല തോമസിനെ ഭരണപരിഷ്‌കാര കമ്മീഷന്‍ മെംബര്‍ സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചു. പൊതുഭരണവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയായിരുന്ന ഷീല തോമസ് തന്നെയാണ് കമ്മീഷന്‍ മെംബര്‍ സെക്രട്ടറിയുടെ ചുമതലയും നിര്‍വഹിച്ചിരുന്നത്. ആരോഗ്യവകുപ്പിന്റെ തിരുവനന്തപുരത്തുള്ള ചൈല്‍ഡ് ഡെവലപ്‌മെന്റ് സെന്ററിനെ മികവിന്റെ കേന്ദ്രമായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചു. കുട്ടികളുടെയും കൗമാരക്കാരുടെയും വളര്‍ച്ച സംബന്ധിച്ച ഗവേഷണം, അധ്യാപനം, പരിശീലനം, ചികില്‍സാ സൗകര്യങ്ങള്‍, സാമൂഹിക സേവനം എന്നീ മേഖലകളിലാണ് മികവിന്റെ കേന്ദ്രമായി സ്ഥാപനത്തെ വികസിപ്പിക്കുന്നത്. പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ പരിക്കേവര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ ചികില്‍സയ്ക്ക് ചെലവായ 104 ലക്ഷം രൂപ (കൊല്ലം- 40 ലക്ഷം, തിരുവനന്തപുരം- 64 ലക്ഷം) അനുവദിക്കാന്‍ തീരുമാനിച്ചു. കേരളത്തിലെ ഏക ആദിവാസി ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയുടെ സമഗ്ര വികസനത്തിനു മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മാര്‍ച്ച് 13നു ചേര്‍ന്ന യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാനും മന്ത്രിസഭ തീരുമാനിച്ചു. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടതാണ് പദ്ധതി. ഓരോ വകുപ്പിനും ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കും. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് ഓഫിസ് അടിയന്തരമായി ഇടമലക്കുടിയിലേക്ക് മാറ്റും. കഴിയുന്നതും പരമ്പരാഗത സാങ്കേതികവിദ്യ ഉപയോഗിച്ചായിരിക്കണം ഇവിടെ കെട്ടിടങ്ങള്‍ നിര്‍മിക്കേണ്ടത്. ഇടമലക്കുടിയില്‍ പുതിയ ഹെല്‍ത്ത് സെന്റര്‍ സ്ഥാപിക്കും. നിലവിലുള്ള എല്‍പി സ്‌കൂള്‍ യുപി ആയി ഉയര്‍ത്തും. പത്താം ക്ലാസ് പാസായ തദ്ദേശവാസികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്തും. ശുദ്ധജലം, റോഡ്, വൈദ്യുതി എന്നിവ ലഭ്യമാക്കുന്നതിനും പദ്ധതികളുണ്ട്. എല്ലാ അങ്കണവാടി കെട്ടിടങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കും. അങ്കണവാടികളില്‍ തദ്ദേശവാസികളായ ആദിവാസികളെ വര്‍ക്കര്‍മാരായി നിയമിക്കും. ലൈഫ് മിഷന്റെ ഭാഗമായി ഇടമലക്കുടിയില്‍ സമ്പൂര്‍ണ ഭവനപദ്ധതി നടപ്പാക്കും. വിവിധ പദ്ധതികള്‍ ഏകോപിപ്പിച്ച് നടപ്പാക്കുന്നതിനു ദേവികുളം സബ് കലക്ടറെ സ്‌പെഷ്യല്‍ ഓഫിസറായി നിയമിക്കാനും തീരുമാനിച്ചു.
Next Story

RELATED STORIES

Share it