Pravasi

പിഎച്ച്‌സിസി രണ്ട് സുഖ ചികില്‍സാ കേന്ദ്രങ്ങള്‍ കൂടി തുറക്കും



ദോഹ: മൈദറിലും അല്‍വജ്ബയിലുമായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍(പിഎച്ച്‌സിസി) രണ്ടു സുഖ ചികിത്സാ കേന്ദ്രങ്ങള്‍(വെല്‍നസ് സെന്ററുകള്‍) കൂടി തുറക്കുന്നു. മനുഷ്യന്റെ ശാരീരികവും മാനസികവും സാമൂഹികവുമായ ഘടകങ്ങളെ പരിഗണിച്ചുകൊണ്ടുള്ള സമഗ്രമായ ചികില്‍സാ പരിചരണമായിരിക്കും ഈ കേന്ദ്രങ്ങളില്‍ ലഭിക്കുക. കായിക, ശാരീരിക വ്യായാമത്തിനുള്ള സൗകര്യങ്ങളും ഇവിടെയുണ്ടാകും. നീന്തല്‍ക്കുളം, മസാജിങ് റൂമുകള്‍, ജിംനേഷ്യം, സ്റ്റീംബാത് തുടങ്ങിയ സൗകര്യങ്ങളോടു കൂടിയതായിരിക്കും ഈ സുഖ ചികില്‍സാ കേന്ദ്രങ്ങള്‍. ഇതോടെ രാജ്യത്തെ ഇത്തരം കേന്ദ്രങ്ങളുടെ എണ്ണം അഞ്ചായി ഉയരും. ദി പെനിന്‍സുലയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 2015 ഡിസംബറില്‍ ലിബൈബിലാണ് ആദ്യത്തെ വെല്‍നസ് സെന്റര്‍  തുടങ്ങിയത്. അതിനുശേഷം കഴിഞ്ഞവര്‍ഷം ജൂലൈ ആദ്യം റൗദത്ത് അല്‍ഖൈലിലും പിന്നീട്് ഉംസലാലിലും കേന്ദ്രങ്ങള്‍ തുടങ്ങി. പൂര്‍ണമായും ആരോഗ്യകരമായ ജീവിതം നയിക്കാന്‍ രോഗികളേയും സന്ദര്‍ശകരേയും സഹായിക്കുകയെന്നതാണ് ഈ കേന്ദ്രങ്ങള്‍ വിഭാവനം ചെയ്യുന്നത്. ഖത്തറിലൊട്ടാകെ പുതിയ ഹെല്‍ത്ത് സെന്ററുകള്‍ വികസിപ്പിക്കുന്നതിനുള്ള നടപടികളാണ് പിഎച്ച്‌സിസി സ്വീകരിക്കുന്നത്. ജനങ്ങളെ ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുന്നതില്‍ ഇത്തരം കേന്ദ്രങ്ങള്‍ സഹായിക്കും. പുകവലി, അമിതവണ്ണം, അനാരോഗ്യകരമായ ഭക്ഷണശൈലി, ശാരീരികമായ കാര്യക്ഷമതയില്ലായ്മ എന്നിവ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് സുഖ ചികിത്സാകേന്ദ്രങ്ങളിലെ സേവനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഖത്തറിലെ നിരവധി ജീവിതശൈലി അസുഖങ്ങളുടെ പ്രധാനകാരണങ്ങള്‍ ഈ നാലു ഘടകങ്ങളാണെന്ന് മനസിലാക്കിയാണ് ഇവ കുറച്ചുകൊണ്ടുവരുന്നതിന് മുന്‍തൂക്കം നല്‍കുന്നത്. ഒരു ഡോക്ടറില്‍ നിന്നുള്ള റഫറല്‍ ഉണ്ടെങ്കില്‍ മാത്രമെ സുഖ ചികിത്സാകേന്ദ്രങ്ങളുടെ സേവനം ലഭ്യമാകൂ.
Next Story

RELATED STORIES

Share it