പാസ്റ്റര്‍മാര്‍ക്ക് സംഘപരിവാര ആക്രമണം: ന്യൂനപക്ഷ കമ്മീഷന്‍ കേസെടുത്തു

തൃശൂര്‍: ക്രിസ്ത്യന്‍ മതസന്ദേശ പ്രചാരണത്തിനെത്തിയ പാസ്റ്റര്‍മാര്‍ക്കു നേരെ സംഘപരിവാരം ആക്രമണം നടത്തിയ സംഭവത്തില്‍ ന്യൂനപക്ഷ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസ്. സംഭവത്തില്‍ അടിയന്തര റിപോര്‍ട്ട് നല്‍കാന്‍ തൃശൂര്‍ റൂറല്‍ ജില്ലാ പോലിസ് മേധാവിയോട് കമ്മീഷന്‍ ചെയര്‍മാന്‍ പി കെ ഹനീഫ ഉത്തരവിട്ടു. റിപോര്‍ട്ട് ലഭിച്ച ശേഷം കേസില്‍ കൂടുതല്‍ നടപടി സ്വീകരിക്കുമെന്നു കമ്മീഷന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഇക്കഴിഞ്ഞ ആറിനാണ് പ്രബോധന സംഘത്തെ ഉത്തരേന്ത്യന്‍ മാതൃകയില്‍ സംഘപരിവാരം ആക്രമിച്ചത്. ആക്രമിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഗോപി കൊടുങ്ങല്ലൂര്‍ എന്നയാളുടെ നേതൃത്വത്തിലാണ് പാസ്റ്റര്‍മാരെ കൈയേറ്റം ചെയ്തത്. ഹിന്ദു ഹെല്‍പ്‌ലൈന്‍ പ്രവര്‍ത്തകരാണ് തങ്ങളെന്ന് ഇവര്‍ പറയുന്നു. കൊടുങ്ങല്ലൂര്‍ മേത്തല വലിയ പണിക്കന്‍ത്തുരുത്തില്‍ വച്ചായിരുന്നു ആക്രമണം. ഇരിങ്ങാലക്കുട ചെട്ടിപ്പറമ്പില്‍ അബ്രഹാം തോമസ്, പത്തനംതിട്ട സ്വദേശി അഖില്‍ എന്നീ പാസ്റ്റര്‍മാരാണ് ആക്രമണത്തിനിരയായത്.
മദ്യം, മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്നു മുക്തരാക്കുന്നതിനു വീടുകള്‍ തോറും കയറി പ്രചാരണം നടത്തുകയായിരുന്നു തങ്ങളെന്നു പാസ്റ്റര്‍മാര്‍ പറഞ്ഞു. ഇവരുടെ കൈവശമുള്ള നോട്ടീസും ലഘുലേഖകളും പിടിച്ചുവാങ്ങിയ അക്രമികള്‍ ഇവ കീറിക്കളഞ്ഞിരുന്നു.
ഗോപിനാഥനെതിരേ മനപ്പൂര്‍വം കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്നതുള്‍പ്പെടെ നാലു വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതിക്കെതിരേ പോലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it